വാഷിങ്ടണ്‍: ഫലസ്തീനിലെ ഇസ്രഈല്‍ കയ്യേറ്റങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭാ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ.
കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെയും സിറിയയിലെ ജൂലാന്‍ കുന്നുകളിലെയും ഇസ്രഈല്‍ നടത്തുന്ന അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്ന പ്രമേയം കഴിഞ്ഞ ദിവസമാണ് യു.എന്‍ പാസാക്കിയത്.
അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ കുടിയേറ്റ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്ന യു.എന്‍ പ്രമേയത്തെ 145 രാജ്യങ്ങളാണ് അനുകൂലിച്ചത്.
18 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ യു.എസ്, കാനഡ, ഹംഗറി, ഇസ്രഈല്‍, മാര്‍ഷല്‍ ഐലന്‍ഡ്, മൈക്രോനേഷ്യ, നൗറു എന്നിവ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.
ഒക്ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തെ തുടര്‍ന്ന് ഇസ്രഈലിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന ഇറക്കിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കയ്യേറ്റ വിരുദ്ധ പ്രമേയത്തോട് ഇന്ത്യയുടെ സമീപനം എന്തായിരിക്കും എന്ന് നിരീക്ഷകര്‍ ഉറ്റുനോക്കുകയായിരുന്നു.
എന്നാല്‍ ഗസയില്‍ വെടി നിര്‍ത്തല്‍ ആവശ്യപ്പെടുന്ന യൂ.എന്‍ പൊതുസഭയുടെ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നിരുന്നു. ഇതു വലിയ പ്രതിഷേധത്തിനാണ് കാരണമായത്. പൊതുസഭയില്‍ അവതരിപ്പിച്ച ആ പ്രമേയം 120 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പാസായത്.
ഇസ്രഈ ലില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തെക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഇന്ത്യയുടെ വിട്ടുനില്‍ക്കല്‍.
നിലവില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 11070 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു .ഇതില്‍ 4500ല്‍ അധികം പേരും കുട്ടികളാണ്.
Content Highlight: India votes for Palestine