| Sunday, 10th January 2021, 5:52 pm

ഇന്ത്യാ വിഷന്‍ തിരിച്ചുവരുന്നു: എം.കെ മുനീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലയാളത്തിലെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താചാനലായ ഇന്ത്യാവിഷന്‍ തിരിച്ചുവരുമെന്ന് ഇന്ത്യാവിഷന്‍ ചെയര്‍മാനായിരുന്ന എം.കെ മുനീര്‍ എം.എല്‍.എ. ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ മുനീര്‍.

അടുത്ത കാലത്തായി ഇന്ത്യാവിഷന്‍ ഓണ്‍ലൈന്‍ രൂപത്തില്‍ തിരിച്ചുവരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുനീര്‍.

‘ഇന്നും ഇന്ത്യാവിഷന്‍ എന്ന സ്‌പേസ് അവിടെയുണ്ട്. ഇന്ത്യാവിഷന്‍ തിരിച്ചു കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയാണ്. നമ്മള്‍ തന്നെ മുന്നിലുണ്ടാകണമെന്നില്ലല്ലോ. ഇപ്പോഴത്തെ ചാനലിലുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യാവിഷനില്‍ ഉണ്ടായിരുന്നവരാണ്. കോളേജ് കഴിഞ്ഞ് അലുമിനി മീറ്റില്‍ ഒത്തുകൂടാനുള്ള ഒരു വികാരം ഇന്ത്യാ വിഷനിലുണ്ടായിരുന്ന എല്ലാവരിലുമുണ്ട്.

നാളെ ഇന്ത്യാ വിഷന്റെ ഒരു അലുമിനി മീറ്റുണ്ടെങ്കില്‍ അവരെല്ലാവരും വരുമെന്ന് ആത്മവിശ്വാസം എനിക്കുണ്ട്. എല്ലാവരും ഒത്തുച്ചേര്‍ന്ന് അല്‍പസമയം ചെലവഴിക്കാം എന്നു പറഞ്ഞാല്‍ അവര്‍ വരും. അവരുടെയൊക്കെ മനസ്സില്‍ ഇന്ത്യാവിഷന്‍ തിരിച്ചുവരണമെന്നുണ്ട്. ഇന്ത്യാവിഷനെ വീണ്ടും പുനരാവിഷ്‌കരിക്കണമെന്ന ദൗത്യമാണുള്ളത്. ഇതില്‍ ഇന്‍വെസ്റ്റ് ചെയ്തവരോടുള്ള എന്റെ കടമ കൂടിയാണത്.’ മുനീര്‍ പറഞ്ഞു.

ഇന്ത്യാവിഷനിലൂടെ ഏറെ ചര്‍ച്ചയായ ഐസ്‌ക്രീം പാര്‍ലര്‍ കേസും പി.കെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും വ്യക്തിപരമായി തനിക്ക് നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മുനീര്‍ പറഞ്ഞു. നിഷ്പക്ഷതയോടെയാണ് ഇന്ത്യാവിഷന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും മുനീര്‍ പറഞ്ഞു.

‘ചാനലിലെ ചില കാര്യങ്ങളില്‍, ഒരു വ്യക്തിയെന്ന നിലയിലും രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും ഇടപെടാന്‍ പരിമിതികളുണ്ടായിരുന്നു. അത് ഞാന്‍ അന്ന് ഇന്ത്യാവിഷനിലുണ്ടായിരുന്ന സ്റ്റാഫിന് കൊടുത്ത വാക്കാണ്, ഇന്ത്യാവിഷന്‍ നിഷ്പക്ഷമായിരിക്കുമെന്ന്. അപ്പോള്‍ അവര്‍ നിങ്ങള്‍ക്കെതിരെയുള്ള വാര്‍ത്ത വന്നാലോ എന്ന് തിരിച്ച് ചോദിച്ചു. അതിനും ഞാന്‍ സമ്മതം കൊടുത്തതാ.

ആരെ കുറിച്ചാണോ പറയുന്നത് അവര്‍ക്ക് അയാളുടെ ഭാഗം പറയാനുള്ള അവസരം കൂടിയുണ്ടാകണം എന്നു കൂടി പറഞ്ഞു. എന്തും വാര്‍ത്തയായി മാറുന്ന സാഹചര്യത്തെ ഉള്‍ക്കൊള്ളാന്‍ അന്നത്തെ രാഷ്ട്രീയത്തിന് കഴിയുമായിരുന്നില്ല. ലീഗിന് മാത്രമല്ല, പിണറായി വിജയന്‍ ഒരിക്കലും ഇന്ത്യാവിഷനില്‍ വരില്ലായിരുന്നു. കാരണം എസ്.എന്‍.സി ലാവ് ലിനുമായി ബന്ധപ്പെട്ടത് ചാനലില്‍ വന്നിരുന്നു. ശ്രീധരന്‍ പിള്ള കേസ് കൊടുത്തിട്ടുണ്ട്. സി.പി.ഐ കേസ് കൊടുത്തിട്ടുണ്ട്. കോണ്‍ഗ്രസിലെ ചിലര്‍ ബഹിഷ്‌കരിച്ചിട്ടുണ്ട്. ഇന്ത്യാവിഷന്‍ നിഷ്പക്ഷമാണെന്ന് അതില്‍ നിന്നുതന്നെ വ്യക്തമാണല്ലോ.

ഞങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുവരെ നീരസമുണ്ടായി. വ്യക്തിപരമായി നഷ്ടങ്ങളുണ്ടായിട്ടുണ്ട്. രാഷ്ട്രീയപരമായും ഉണ്ടായിട്ടുണ്ടായിരിക്കാം.’

2003 ജൂലൈയില്‍ ആരംഭിച്ച ഇന്ത്യാ വിഷന്‍ 2015 മാര്‍ച്ച് 31ഓടെ പ്രവര്‍ത്തനം അവസാനിപ്പിക്കുയായിരുന്നു. ഇന്ത്യാവിഷന്‍ എന്ന ചാനല്‍ ആരംഭിച്ചതില്‍ ഇപ്പോഴും എനിക്ക് കുറ്റബോധമില്ലെന്നും മുനീര്‍ പറഞ്ഞു. അതിന്റെ ദൗത്യം അന്ന് നിലനിന്നിരുന്ന വാര്‍ത്തസ്വഭാവത്തിന് മാറ്റമുണ്ടാക്കുക എന്നതായിരുന്നു. 24*7 വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. അത്രയും വാര്‍ത്തകള്‍ ഇവിടെ ഉണ്ടാകുന്നില്ലായെന്നാണ് ഏഷ്യാനെറ്റ് പോലും പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ അന്ന് ആദ്യമായി ഒ.ബി വാന്‍ കേരളത്തില്‍ ഒരു ചാനല്‍ പരീക്ഷിക്കുന്നത് ഇന്ത്യാ വിഷനായിരുന്നു. എല്ലാ ന്യൂസ് സെന്ററുകളിലും സാറ്റലൈറ്റ് സംവിധാനം ഒരുക്കി. ഒരു വാര്‍ത്ത പോലും കണ്ണില്‍ പെടാതെ പോകില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും മുനീര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India Vision is going to come back says M K Muneer

We use cookies to give you the best possible experience. Learn more