2024 പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യ. ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക മത്സരത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇരട്ട ഗോള്‍ നേടിയത്.
ഇന്ത്യന്‍ ഗോള്‍ കീപ്പറും ഇതിഹാസ താരവുമായ പി.ആര്‍. ശ്രീജേഷിന്റെ വിടവാങ്ങള്‍ മത്സരം കൂടെയായിരുന്നു ഇത്. ഇന്ത്യന്‍ ജേഴ്സിയില്‍ താരത്തിന്റെ 335ാം മത്സരമായിരുന്നു ഇത്.
ഇതോടെ 2024 ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കലമെഡല്‍ സ്വന്തമാക്കിയായാണ് ഇന്ത്യ പിന്‍വാങ്ങുന്നത്. രാജ്യമെമ്പാടുമുള്ള ആരാധകര്‍ക്ക് ഇന്ത്യയുടെ വിജയം വലിയ ആവേശമാണ് നല്‍കുന്നത്. ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വെങ്കലമാണ് നേടുന്നത്.
18ാം മിനിട്ടില്‍ സ്‌പെയ്‌നിന്റെ മാര്‍ക്‌സ് മിറാലസ് നേടിയ ഗോളില്‍ ഇന്ത്യ പിന്നിലായിരുന്നു. പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ 30ാം മിനിട്ടിലും 33ാം മിനിട്ടിലും നേടിയ ഗോളായിരുന്നു ഇന്ത്യയുടെ വിജയത്തില്‍ മുന്നിട്ട് നിന്നത്.
അവസാനഘട്ടത്തില്‍ സമനില ഗോളിന് വേണ്ടി സ്‌പെയ്ന്‍ ആക്രമിച്ചപ്പോള്‍ ശ്രീജേഷിന്റെ മിന്നും സേവും ഇന്ത്യയുടെ വിജയത്തിന് വലിയ മുതല്‍ക്കൂട്ടാകുകയായിരുന്നു. ഇതോടെ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ 13ാം മെഡലും നേടാന്‍ സാധിച്ചിരിക്കുകയാണ്.
നേരത്തെ സെമി ഫൈനലില്‍ ഇന്ത്യ ജര്‍മനിയിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ വെങ്കലമെഡല്‍ പോരാട്ടത്തില്‍ സ്‌പെയ്‌നുമായി ഏറ്റുമുട്ടുകയായിരുന്നു.
Content highlight: India Vin Bronze Medal In Paris Hockey 2024