| Saturday, 30th May 2020, 3:23 pm

കൊവിഡില്‍ ജീവന്‍ പൊലിഞ്ഞ് ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍; അവഗണന തുടര്‍ന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: 35 വര്‍ഷത്തിനിപ്പുറവും ദുരിത ജീവിതം അവസാനിക്കാതെ ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍. കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ അവഗണനകൂടി ഏറ്റുവാങ്ങേണ്ട ദുരവസ്ഥയിലാണ്
ഇവര്‍.

കൊവിഡ് ബാധിച്ച ഭോപ്പാല്‍ ദുരന്തത്തിലെ ഇരകളെ സര്‍ക്കാര്‍ അവഗണിക്കുന്നതായും ചികിത്സ നിഷേധിക്കുന്നതായും ബന്ധുക്കളും ആക്ടിവിസ്റ്റുകളും പറയുന്നു.

ലോകത്തിലെ തന്നെ ഏറ്റവും രൂക്ഷമായ വ്യവസായിക ദുരന്തമായിരുന്നു 1984 ലെ ഭോപ്പാല്‍ വാതക ചോര്‍ച്ച.

സാധാരണ ഒരാള്‍ക്ക് ബാധിക്കുന്നതിനെക്കാള്‍ വേഗത്തില്‍ ഭോപ്പാല്‍ വാതക ദുരന്തിന് ഇരയായവരില്‍ കൊവിഡ് ബാധ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഭോപ്പാല്‍ ദുരന്തം അതിജീവച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കത്തയച്ചിരുന്നു.
എന്നാല്‍ തങ്ങളെ കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് എന്‍.ജി.ഒ പ്രവര്‍ത്തകര്‍ പറയുന്നു.

വാതക ദുരന്തത്തില്‍ നിന്ന് അതിജീവിച്ചവര്‍ക്കായുള്ള പ്രത്യേക ആശുപത്രി കൊവിഡ് രോഗികള്‍ക്കായുള്ള ആശുപത്രിയാക്കി മാറ്റിയതും ഇവരുടെ ദുരിതം ഇരട്ടിപ്പിച്ചു.

ഭോപ്പാലിലെ ആദ്യ കൊവിഡ് ബാധിതനായ 55 കരന്‍ മരിച്ചത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് ഭോപ്പാലിലെ എന്‍.ജി.ഒ പ്രവര്‍ത്തകയായ രചന ദിംഗ പി.ടി.എയോട് പറഞ്ഞിരുന്നു.

ഭോപ്പാല്‍ ദുരന്തത്തിന് ഇരയായ 80 വയസ്സുള്ള കൊവിഡ് പോസിറ്റീവായ മറ്റൊരു സ്ത്രീയും സമയത്തിന് ചികിത്സ കിട്ടാത്തത് മൂലമാണ് മരണപ്പെട്ടതെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഭോപ്പാല്‍ ദുരന്തത്തിന് ഇരയായ 40 വയസ്സുള്ള സ്ത്രീയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 52 കാരനും
കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഹമീഡിയ ആശുപത്രിയിലെ കൊവിഡ് -19 വാര്‍ഡിലേക്ക് പോകുംവഴിയാണ് ഇദ്ദേഹം മരിച്ചത്.

ഇദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും
ക്ഷയരോഗമുണ്ടായിരുന്നു. എന്നാല്‍ കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെന്ന് പറയുന്നു.

ദുരന്തത്തെ അതിജീവിച്ച 75 വയസ്സുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഏപ്രില്‍ 11ന് മരിച്ചിരുന്നു. ഇദ്ദേഹവും കൊവിഡ് പോസിറ്റീവായിരുന്നു.

ഏപ്രില്‍ മാസത്തില്‍ തന്നെ വാതക ദുരന്തത്തിന് ഇരയായ രണ്ട് പേര്‍ കൂടി കൊവിഡ് മൂലം മരിച്ചിരുന്നു.

മെയ് ആദ്യത്തെ കണക്കനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 20 കൊവിഡ് മരണങ്ങളില്‍ 17 ഉം ഭോപ്പാല്‍ ദുരന്തത്തിന് ഇരയായിരുന്നു രചന ദിംഗാര പറഞ്ഞത്.

” മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭോപ്പാല്‍ ദുരന്തത്തിന് ഇരയായ വളരെയധികം ആളുകള്‍ കൊവിഡ് മൂലം മരിക്കുമെന്ന് ഞങ്ങള്‍ സര്‍ക്കാറിനെ വളരെ നേരത്തെ തന്നെ അറിച്ചിരുന്നു. പക്ഷേ അവര്‍ അത് കേട്ടില്ല,” രചന പറഞ്ഞു.

1984 ഡിസംബര്‍ രണ്ടിന് രാത്രിയാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാല്‍ വാതക ദുരന്തത്തിന് നടന്നത്. വിഷവാതകം ശ്വസിച്ച് ഭോപ്പാലില്‍ നിരവധിപേരാണ് മരിച്ചുവീണത്.

അമേരിക്കന്‍ കെമിക്കല്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിര്‍മാണശാലയിലെ വാതകക്കുഴലുകള്‍ വൃത്തിയാക്കുന്നതിടെ മീഥൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയില്‍ വെള്ളം കയറുകയും തുടര്‍ന്നുണ്ടായ രാസപ്രവര്‍ത്തനത്തില്‍ സംഭരണിയില്‍ ചോര്‍ച്ചയുണ്ടാവുകയും ചെയ്യുകയായിരുന്നു.

3787 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ പറയുന്നത്.
16000 നും 300000 നും ഇടയില്‍ മരണം നടന്നതായാണ് അനൗദ്യോഗിക കണക്കുകള്‍. രണ്ട് ലക്ഷത്തിലധികം ആളുകളെ നിത്യരോഗികളായി മാറ്റുകയും ചെയ്തു.

യൂണിയന്‍ കാര്‍ബൈഡിന്റെ അന്നത്തെ സി.ഇ.ഒ വാറന്‍ ആന്‍ഡേഴ്‌സണിനെ പിടികിട്ടാപ്പുള്ളിയായി
പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മരണം വരെ ആന്‍ഡേഴ്‌സണ്‍ ഇന്ത്യയില്‍ തിരിച്ചു വന്നില്ല.

We use cookies to give you the best possible experience. Learn more