മുംബൈ: അണ്ടര്‍ 17 ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിന് ഇന്ത്യയിറങ്ങിയപ്പോള്‍ ആരാധകരാരും വലിയ പ്രതീക്ഷയൊന്നും വച്ചു പുലര്‍ത്തിയിരുന്നില്ല. മലയാളിത്താരം രാഹുലിനെ ഇന്ത്യന്‍ ജഴ്‌സിയില്‍ ലോകകപ്പില്‍ കാണാമെന്ന പ്രതീക്ഷയിയോടെയായിരുന്നു മലയാളികള്‍ കളികാണാനെത്തിയതും.
എന്നാല്‍ മത്സരം തുടങ്ങി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആരാധകരെല്ലാം ആവേശത്തിലാവുകയായിരുന്നു. ആദ്യ കളിയില്‍ നിന്നു വ്യത്യസ്തമായി എതിര്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞടുത്ത ഇന്ത്യന്‍ താരങ്ങളെ ഒത്തിണക്കത്തോടെയായിരുന്നു മൈതാനത്ത് കണ്ടത്.
ഏത് നിമിഷവും ടീം ഗോള്‍ നേടുമെന്ന പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു താരങ്ങളുടെ ഓരോ നീക്കവും. 17-ാം നമ്പര്‍ ജേഴ്സിയണിഞ്ഞ് വലതുവിങ്ങറായി ഇറങ്ങിയ മലയാളിത്താരം രാഹുല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതും. ഗോള്‍ നേടാനായില്ലെങ്കിലും കൊളംബിയയെ രാഹുല്‍ വിറപ്പിച്ച നിമിഷത്തിനും ആരാധകര്‍ സാക്ഷ്യം വഹിച്ചിരുന്നു.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ഇന്ത്യന്‍ ക്യാമ്പിനെയുണര്‍ത്തിയ രാഹുലിന്റെ ഇടംകാല്‍ ഷോട്ട് കൊളംബിയന്‍ ഗോള്‍ മുഖത്തെ വിറപ്പിച്ചത്. ഗോളിയെ മറികടന്ന ബോള്‍ ബാറില്‍ തട്ടിയാണ് തിരിച്ച് വന്നിരുന്നത്. ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്രമായിരുന്നു ആ ബാറില്‍ തട്ടി മടങ്ങിയത്.
തുടര്‍ന്ന് കൊളംബിയ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയെങ്കിലും ലോകകപ്പിലെ ഇന്ത്യന്‍ താരത്തിന്റെ ആദ്യഗോളിനും മത്സരം സാക്ഷിയായി. ജിക്സണായിരുന്നു ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോള്‍ എന്ന നേട്ടം സ്വന്തം പേരിലാക്കിയത്. എന്നാല്‍ അധികം വൈകാതെ തന്റെ രണ്ടാം ഗോള്‍ നേടിയ യുവാന്‍ പെനലോസ കൊളംബിയയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.