| Saturday, 30th April 2016, 5:48 pm

ഉത്തരാഖണ്ഡിലെ കാട്ടുതീ; ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കാട്ടുതീ നിയന്ത്രണ വിധേയമല്ലാതെ തുടരുന്നു. കാട്ടുതീ നിയന്ത്രിക്കാനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്താനുമായി കേന്ദ്രം ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍.ഡി.ആര്‍.എഫ്) വിന്യസിച്ചു. മൂന്ന് കമ്പനികളിലായി 135 സൈനികരെയാണ് ഇപ്പോള്‍ വിന്യസിച്ചിരിക്കുന്നത്. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ വാട്ടര്‍ ടാങ്കുകള്‍ ഉപയോഗിച്ച് തീ അണക്കാനുളള ശ്രമം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ കടുത്ത വേനലും കാറ്റും കാരണം കാട്ടുതീ ഇതുവരെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല.

ഇന്നലെ മുതല്‍ പടരുന്ന തീയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതിനകം 13 ജില്ലകളിലായി ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമിയാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്. കാട്ടുതീയിലകപ്പെട്ട് ഇതുവരെ നാല് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കാട്ടുതീ കണ്ടാല്‍ ഉടന്‍ തന്നെ ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. തീ നിയന്ത്രണാതീതമായതോടെ ബദരിനാഥിലേക്കുളള ദേശീയപാത 58 അധികൃതര്‍ അടച്ചിരുന്നു.

ജനസുരക്ഷ ഉറപ്പുവരുത്താനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. പെട്ടെന്ന് തീ പിടിക്കുന്ന മരങ്ങളുടെ സാന്നിധ്യമാണ് തെഹ്രി, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ പെട്ടെന്ന് കാട്ടുതീ പടരാന്‍ കാരണമായത്. ജിം കോര്‍ബെറ്റ് ദേശീയോദ്യാനത്തിലും രാജാജി ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലും തീ പടര്‍ന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more