വാഷിംഗ്ടണ്‍: സ്ത്രീകളും കുട്ടികളും ന്യൂനപക്ഷ വിഭാഗങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ അഫ്ഗാനികളുടെയും മനുഷ്യാവകാശങ്ങളെ മാനിക്കണമെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും. വൈറ്റ് ഹൗസില്‍ വെച്ച് നടന്ന മോദി-ബൈഡന്‍ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചര്‍ച്ചയായത്.
യു.എന്‍.എസ്.സി പ്രമേയം 2593 (2021) അനുസരിക്കാന്‍ താലിബാന്‍ തയ്യാറാവണമെന്ന് ഇരുനേതാക്കളും അറിയിച്ചു.
ഇരുനേതാക്കളും ചേര്‍ന്ന സംയുക്ത പ്രസ്താവനയില്‍, അഫ്ഗാന്‍ ഒരിക്കലും ഏതെങ്കിലും രാജ്യത്തെ ഭീഷണിപ്പെടുത്താനോ, ആക്രമിക്കാനോ, ഭീകരര്‍ക്ക് അഭയം പരിശീലനം എന്നിവ നല്‍കാനോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനോ ധനസഹായം നല്‍കാനോ പാടില്ലെന്നും ആവശ്യപ്പെടുന്നു.
അഫ്ഗാനിലെ ആളുകളുടെ അവകാശങ്ങള്‍ പാലിക്കപ്പെടണമെന്ന് ഇരുനേതാക്കളും താലിബാനോടാവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
സ്ത്രീകളുടെ വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങളെ ഹനിക്കാന്‍ പാടില്ലെന്നും, അവര്‍ക്കും തുല്യമായ അവകാശങ്ങള്‍ നല്‍കണമെന്നും ഇരുനേതാക്കളും പ്രസ്താവനയില്‍ പറഞ്ഞു.
കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആഗസ്റ്റ് 26ന് നടന്ന ഭീകരാക്രമണങ്ങളെ ഇരുവരും ശക്തമായി അപലപിച്ചിരുന്നു.
അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിച്ചാണ് താലിബാന്‍ രാജ്യത്തിന്റെ ഭരണമേറ്റെടുത്തത്. 33 അംഗ ക്യാബിനെറ്റ് രൂപീകരിച്ച് താലിബാന്‍ ഭരണം തുടങ്ങുകയും ചെയ്തിട്ടുണ്ട്.