ന്യൂദല്‍ഹി: മോദി സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനം പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യ യുണൈറ്റ്‌സ്. കര്‍ഷകര്‍, ദളിതര്‍, ആദിവാസികള്‍, വിദ്യാര്‍ത്ഥികള്‍, ജോലി ലഭിക്കാത്ത യുവാക്കള്‍, വിദ്വേഷ കൊലയ്ക്ക് ഇരയായവരുടെ ബന്ധുക്കള്‍, തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ അടങ്ങുന്ന സംഘടനയാണ് ഇന്ത്യ യുണൈറ്റ്‌സ്.
ബജറ്റ് സെഷന്‍ ആരംഭിക്കുന്ന ജനുവരി 30 മുതല്‍ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ധര്‍ണ്ണ പാര്‍ലമെന്റ് സ്ട്രീറ്റിലെ ജന്തര്‍ മന്ദിറില്‍ വെച്ച് നടത്തുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.
“ആളുകളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എന്താണെന്നറിയാന്‍ രാഷ്ട്രീയ കക്ഷികളെ ഞങ്ങള്‍ ക്ഷണിക്കുന്നു. അതിനെ അടിസ്ഥാനമാക്കിയായിരിക്കണം തെരഞ്ഞെടുപ്പ് പ്രചരണം നയിക്കാന്‍, അല്ലാതെ മസ്ജിദിന്റെയും മന്ദിറിന്റെയും പേരിലായിരിക്കരുത്”- സി.പി.ഐ.എമ്മിന്റെ ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊല്ല പറഞ്ഞു.
ഇടതു പാര്‍ട്ടികളെക്കൂടാതെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, എ.എ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്നിവരും പരിപാടിയില്‍ പങ്കെടുത്തേക്കുമെന്ന് ഇന്ത്യ യുണൈറ്റ്‌സ് സംഘാടക സമിതി അംഗം മേജര്‍ പ്രയദര്‍ശി ചൗദരി പറഞ്ഞു.
“2015 മുതല്‍ ഞങ്ങള്‍ ഈ സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. തെരെഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമല്ലാത്ത എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്താന്‍ കഴിയുന്ന സംഘടനയായിരിക്കും ഇത്. വ്യക്തികളുടെ പേരിലല്ല, പ്രശ്‌നങ്ങളുടെ മേലായിരിക്കണം ശ്രദ്ധ കേന്ദ്രീരിക്കേണ്ടത്”- മേജര്‍ ചൗധരി പത്രസമ്മേളനത്തില്‍ പറഞ്ഞു.