| Thursday, 3rd February 2022, 9:02 am

രാജ്യം മതാധിപത്യത്തിന്റെ ഭീഷണിയില്‍; സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നു; 37 രാഷ്ട്രീയ നേതാക്കള്‍ക്ക് സ്റ്റാലിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കെതിരേ സഖ്യ സാധ്യത നീക്കത്തിനുള്ള ഐക്യ ശ്രമവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

റിപ്പബ്ലിക് ദിനത്തില്‍ താന്‍ രൂപീകരിച്ച ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിലേക്ക് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ച് അദ്ദേഹം 37 രാഷ്ട്രീയ നേതാക്കള്‍ക്ക് കത്തയച്ചു.

രാജ്യം മതാന്ധതയുടെയും മതാധിപത്യത്തിന്റെയും ഭീഷണിയിലാണെന്നും സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാല്‍ മാത്രമേ ഈ ശക്തികള്‍ക്കെതിരെ പോരാടാനാകൂയെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുള്ള, ശരദ് പവാര്‍, മമത ബാനര്‍ജി, ഡി. രാജ, സീതാറാം യെച്ചൂരി, എന്‍. ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്‌രിവാള്‍, മെഹ്ബൂബ മുഫ്തി, ചന്ദ്രശേഖര റാവു, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ 37 ദേശീയ-പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കാണ് കത്തയച്ചിരിക്കുന്നത്.

എ.ഐ.എ.ഡി.എം.കെ കോര്‍ഡിനേറ്റര്‍ ഒ. പനീര്‍സെല്‍വം, പി.എം.കെ സ്ഥാപകന്‍ എസ്. രാമദോസ്, വി.സി.കെ നേതാവ് തോല്‍ തിരുമാവളവന്‍, വൈകോ എന്നീ തമിഴ്നാട് നേതാക്കളും കത്ത് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഫെഡറലിസത്തിന്റെയും സാമൂഹിക നീതിയുടെയും തത്വങ്ങള്‍ കൈവരിക്കാന്‍ പരിശ്രമിക്കുന്നതിന് എല്ലാ നേതാക്കള്‍ക്കും പൗരസമൂഹത്തിലെ അംഗങ്ങള്‍ക്കും സമാന ചിന്താഗതിക്കാരായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി ദേശീയതല പൊതുവേദിയെന്ന നിലയിലാണ് ഫെഡറേഷന്‍ രൂപീകരിച്ചിരിക്കുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

സാമൂഹ്യ നീതിക്കു വേണ്ടിയുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേപോലെ സ്വീകാര്യമാവുന്ന പൊതുമിനിമം പരിപാടി ആവിഷ്‌കരിക്കുന്നതിനുള്ള മേഖലകള്‍ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടാണ് പ്ലാറ്റ്ഫോം രൂപീകരിച്ചിരിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

സ്റ്റാലിന്റെ വാക്കുകള്‍

സാമൂഹ്യ നീതി ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ലളിതമാണ്. എല്ലാവര്‍ക്കും തുല്യമായ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അവകാശങ്ങള്‍ക്കും അവസരങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന വിശ്വാസമാണിത്. ഈ അവസര സമത്വം ഉറപ്പാക്കുന്നതിലൂടെ മാത്രമേ, ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്ത സമത്വ സമൂഹം നമുക്ക് കെട്ടിപ്പടുക്കാന്‍ കഴിയൂ.

ഓരോ ചുവടിലും, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവരെ പ്രാപ്തരാക്കണം. ജാതി വിവേചനത്തോടൊപ്പം ലിംഗ വിവേചനവും ഇല്ലാതാക്കാനും ഭിന്നശേഷിയുള്ളവരെ മുഖ്യധാരയിലെത്തിക്കാനും നടപടികള്‍ കൈക്കൊള്ളണം.

ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സംസ്ഥാനങ്ങളുടെ ഒരു യഥാര്‍ത്ഥ യൂണിയനെന്ന നിലയില്‍ ഒരുമിച്ചുനില്‍ക്കേണ്ട സമയം ഒടുവില്‍ എത്തിയിരിക്കുന്നതായി ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

മണ്ഡല്‍ കമ്മീഷന്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രവര്‍ത്തിച്ച അതേ ബോധ്യത്തോടും ലക്ഷ്യത്തോടും കൂടി നാം ഒന്നിക്കണം. ഓരോ സംസ്ഥാനത്തും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ അവര്‍ക്ക് അവസരങ്ങളുടെ വാതിലുകള്‍ തുറക്കാന്‍ ആഗ്രഹിക്കുന്നു.

സാമൂഹ്യ നീതിക്കു തമിഴ്നാട് നല്‍കിയ ഊന്നല്‍ മൂലമാണ് വലിയൊരു അളവില്‍ സംസ്ഥാനത്തെ അസമത്വം ഇല്ലാതാക്കാനും എല്ലാ മേഖലകളിലെയും കൂടുതല്‍ വികസനത്തിനും സഹായിച്ചത്.

ഞാന്‍ ഇതെഴുതുമ്പോള്‍, നമ്മുടെ തനതായ, വൈവിധ്യമാര്‍ന്ന, ബഹു-സാംസ്‌കാരിക ഫെഡറേഷന്‍ മതാന്ധതയുടെയും മത മേധാവിത്വത്തിന്റെയും ഭീഷണിയിലാണ്. സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാല്‍ മാത്രമേ ഈ ശക്തികള്‍ക്കെതിരെ പോരാടാനാകൂ.

ഇതൊരു രാഷ്ട്രീയനേട്ടത്തിന്റെ ചോദ്യമല്ല. മറിച്ച് നമ്മുടെ സ്ഥാപക പിതാക്കന്മാര്‍ ലക്ഷ്യമിട്ട നമ്മുടെ റിപ്പബ്ലിക്കിന്റെ ബഹുസ്വര സ്വത്വം പുനഃസ്ഥാപിക്കലാണ്.

മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ സംസ്ഥാനത്തിന് അര്‍ഹതയുള്ള 27 ശതമാനം ഒ.ബി.സി സംവരണം നേടാനുള്ള സമീപകാല രാഷ്ട്രീയ-നിയമ പോരാട്ടത്തിലൂടെ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനുള്ള പ്രതിബദ്ധത ഡി.എം.കെ വീണ്ടും ഉറപ്പിക്കുകയാണ്. എങ്കിലും സാമൂഹിക നീതി ഉറപ്പാക്കാന്‍ സംവരണം മാത്രം പര്യാപ്തമല്ല.

CONTENT HIGHLIGHRTS:  India under ‘threat of bigotry and religious hegemony’, Stalin writes to 37 national leaders

We use cookies to give you the best possible experience. Learn more