| Wednesday, 8th February 2017, 8:05 pm

അലവന്‍സില്ല, ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ നിന്നും പണം വാങ്ങണം ; ആരോട് പരാതി പറയണമെന്നറിയാതെ ഇന്ത്യ അണ്ടര്‍ 19 താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് നേട്ടം അവഗണന മാത്രം. ടീമിന് രണ്ടാഴ്ച്ചയായി ഭക്ഷണം കഴിക്കാനുള്ള അലവന്‍സ് നല്‍കിയിട്ട്. ഒരു മാസം നീണ്ടു നില്‍ക്കുന്നതാണ് പരമ്പര.

ബി.സി.സി.ഐ സെക്രട്ടറിയായിരുന്ന അജയ് ഷിര്‍ക്കയെ സുപ്രീം കോടതി നീക്കിയതോടെ കളിക്കാരുടെ അലവന്‍സില്‍ ഒപ്പിടാന്‍ ആളില്ലാതായതോടെയാണ് താരങ്ങള്‍ ബുദ്ധിമുട്ടിലായത്. ഇതോടെ ടീം കോച്ച് രാഹുല്‍ ദ്രാവിഡും സ്റ്റാഫുമെല്ലാം വലഞ്ഞിരിക്കുകയാണ്.

നോട്ട് നിരോധനം വരുത്തിവച്ച ബുദ്ധിമുട്ടുകളും താരങ്ങളെ ബാധിക്കുന്നുണ്ട്. മുംബൈയിലെ മുന്തിയ ഹോട്ടലിലാണ് താരങ്ങളും കോച്ചും മറ്റ് ജീവനക്കാരും താമസിക്കുന്നത്. ഇവിടെ ഭക്ഷണത്തിന് വന്‍ വിലയുമാണ്. അതിനാല്‍ താരങ്ങള്‍ വീട്ടില്‍ നിന്നുമുള്ള പണം ഉപയോഗിച്ച് താമസിക്കുന്ന ഹോട്ടലിന്റെ പുറത്ത് നിന്നുമാണ് ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നത്.

ടീമിലെ ഒരാള്‍ക്ക് ദൈന്യംദിന ചെലവിനായി 6800 രൂപയാണ് ഇപ്പോള്‍ നല്‍കി വരുന്നത്. പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവരെ നീക്കിയ സാഹചര്യത്തില്‍ ഫണ്ടുകള്‍ അനുവദിക്കാന്‍ ജോയിന്റ് സെക്രട്ടറിക്കോ ട്രഷററിനോ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.


Also Read: ട്വന്റി-20 യില്‍ ട്രപ്പില്‍ സെഞ്ച്വറിയടിച്ച് ലോകത്തെ ഞെട്ടിച്ച താരത്തെ റാഞ്ചാന്‍ ഐ.പി.എല്‍ ടീം


എന്നാല്‍ സുപ്രീം കോടതി നിയമിച്ച ഭരണ സമിതി ബി.സി.സി.ഐയുടെ സി.ഇ.ഒയ്ക്ക് ദിനം പ്രതിയുള്ള ചെലവുകള്‍ക്കുള്ള തുക അനുവദിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. പക്ഷെ അതിന്റെ ഗുണം ലഭിക്കുന്നത് സീനിയര്‍ ടീമിന് മാത്രമാണ്. ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലില്‍  ഒരു സാന്റ് വിച്ചിന് മാത്രം 1500 രൂപയാണെന്നും പരാതി പറയണമെങ്കില്‍ തന്നെ ആരോട് പറയണമെന്നുമാണ് താരങ്ങള്‍ ചോദിക്കുന്നത്.

We use cookies to give you the best possible experience. Learn more