മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അണ്ടര്‍ 19 ടീമിന് മികച്ച വിജയം. അനുകല്‍ റോയിയുടെ ഓള്‍ റൗണ്ട് മികവില്‍ മൂന്ന് വിക്കറ്റിന് ഇന്ത്യന്‍ ടീം ഇംഗ്ലീഷുകാരെ മുട്ടുകുത്തിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച ബാറ്റിംഗ് പുറത്തെടുത്ത മലയാളിതാരം രോഹന്‍ കുന്നുമ്മല്‍ വരവറിയിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എ ടീം നിശ്ചിത ഓവറില്‍ 266 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്കായി 43 പന്തില്‍ നിന്നും 62 റണ്‍സ് നേടി അനുകല്‍ മാച്ച് വിന്നറായി.
കേരളക്കരയുടെ പ്രതീക്ഷയായ രോഹനും തന്റെ അരങ്ങേറ്റം മോശമാക്കിയില്ല. 41 പന്തില്‍ നിന്നും 40 റണ്‍സെടുത്ത രോഹന്‍ ടീമിന്റെ വിജയത്തിന് നിര്‍ണ്ണായക പങ്ക് വച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ നല്‍കിയത് മാക് ഹോള്‍ഡനും ജോര്‍ജ് ബാര്‍ട്‌ലെറ്റുമാണ്. ഹോള്‍ഡന്‍ 113 പന്തില്‍ നിന്ന് 85 ഉം ബാര്‍ട്‌ലെറ്റ് 61 പന്തില്‍ നിന്നും 52 റണ്‍സും നേടി.