| Sunday, 17th December 2023, 5:54 pm

പൂ പറിക്കും പോലെ നിസാരം; ടി-20യേക്കാള്‍ വേഗത്തില്‍ ഏകദിനം വിജയിച്ച് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ പരമ്പരയില്‍ 1-0ന് മുമ്പിലെത്തിയത്.

സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 117 റണ്‍സിന്റെ വിജയലക്ഷ്യം 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ട് മുന്‍ നിര വിക്കറ്റുകള്‍ നഷ്ടമായി. സൂപ്പര്‍ താരം റീസ ഹെന്‍ഡ്രിക്സ് എട്ട് പന്ത് നേരിട്ട് റണ്ണെടുക്കാതെ മടങ്ങിയപ്പോള്‍ ഗോള്‍ഡന്‍ ഡക്കായാണ് റാസി വാന്‍ ഡെര്‍ ഡസന്‍ പുറത്തായത്. അര്‍ഷ്ദീപ് സിങ്ങാണ് ഇരുവരെയും മടക്കിയത്.

എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ടോണി ഡി സോര്‍സിയെ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ചും അര്‍ഷ്ദീപ് പുറത്താക്കി. 22 പന്തില്‍ 28 റണ്‍സ് നേടി നില്‍ക്കവെയാണ് സോര്‍സിയുടെ മടക്കം.

പത്താം ഓവറിലെ അവസാന പന്തില്‍ ഏയ്ഡന്‍ മര്‍ക്രമിനെ ക്ലീന്‍ ബൗള്‍ഡാക്കി അര്‍ഷ്ദീപ് ഫോര്‍ഫര്‍ നേട്ടം ആഘോഷമാക്കി.

പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ അര്‍ഷ്ദീപ് ഫോര്‍ഫര്‍ സ്വന്തമാക്കിയപ്പോള്‍ വിക്കറ്റ് വീഴ്ത്താനുള്ള അടുത്ത അവസരം ആവേശ് ഖാന്റേതായിരുന്നു. ഒന്നിന് പിറകെ ഒന്ന് എന്ന നിലയില്‍ ആവേശ് ഖാനും വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം അടക്കമുള്ളവരായിരുന്നു ആവേശിന്റെ ഇരകള്‍.

ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ക്രീസിലെത്തിയ ആന്‍ഡില്‍ ഫെലുക്വായോയും ഓപ്പണര്‍ ടോണി ഡി സോര്‍സിയും മാത്രമാണ് സൗത്ത് ആഫ്രിക്കന്‍ നിരയില്‍ പിടിച്ചുനിന്നത്. ഫെലുക്വായോ 49 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ 22 പന്തില്‍ 28 റണ്‍സാണ് സോര്‍സി നേടിയത്.

ഒടുവില്‍ 28ാം ഓവറിലെ മൂന്നാം പന്തില്‍ പ്രോട്ടിയാസ് 116ന് ഓല്‍ ഔട്ടായി. അര്‍ഷ്ദീപ് സിങ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാല് വിക്കറ്റാണ് ആവേശ് ഖാന്‍ സ്വന്തമാക്കിയത്. കുല്‍ദീപ് യാദവാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

117 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഋതുരാജ് ഗെയ്ക്വാദിനെ പെട്ടെന്ന് നഷ്ടമായി. പത്ത് പന്തില്‍ അഞ്ച് റണ്‍സ് നേടിയാണ് താരം പുറത്തായത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ശ്രേയസ് അയ്യരും അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സായ് സുദര്‍ശന്‍ 43 പന്തില്‍ പുറത്താകാതെ 55 റണ്‍സ് നേടിയപ്പോള്‍ 45 പന്തില്‍ 52 റണ്‍സാണ് അയ്യര്‍ സ്വന്തമാക്കിയത്.

ടീം സ്‌കോര്‍ 111ല്‍ നില്‍ക്കവെ ഫെലുക്വായോയുടെ പന്തില്‍ അയ്യര്‍ പുറത്തായെങ്കിലും ഇന്ത്യ ഫിനിഷ് ലൈനിന് തൊട്ടടുത്തെത്തിയിരുന്നു.

ഡിസംബര്‍ 19നാണ് പരമ്പരയിലെ അടുത്ത മത്സരം. സെന്റ് ജോര്‍ജ്‌സ് ഓവലാണ് വേദി.

Content highlight: India tour of South Africa, India wins first ODI

We use cookies to give you the best possible experience. Learn more