ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിലെ കൊവിഡ് ബാധിതരായ രണ്ട് പേരില്‍ ഒരാള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്. പന്ത് സന്നാഹ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.
ജര്‍മ്മനിയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് മത്സരം കാണാന്‍ പന്ത് വെംബ്ലി സ്റ്റേഡിയത്തില്‍ പോയിരുന്നു. ജൂണ്‍ 30നായിരുന്നു ഇത്.
അതേസമയം രോഗം ബാധിച്ച രണ്ടാമത്തെ താരമാരാണെന്ന് വ്യക്തതയില്ല. എന്നാല്‍ സാധാരണയുള്ള പരിശോധനയിലാണ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നും ആര്‍ക്കും രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നുമാണ് റിപ്പോര്‍ട്ട്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ബയോബബിളില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പുറത്തായിരുന്നു. നിലവില്‍ കുടുംബത്തോടൊപ്പമാണ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ തങ്ങുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ബി.സി.സി.ഐ. ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസുമായി ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കിയത്.
ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക.