ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണി അനുഭവിക്കുന്ന ദരിദ്ര ജനങ്ങള്‍ ഉള്ളത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ചൈനയെ മറികടന്നാണ് ഇന്ത്യ മുന്നിലെത്തിയത്. ഐക്യരാഷ്ട്ര സഭ വാര്‍ഷിക പട്ടിണി റിപ്പോര്‍ട്ടിലാണ് (Hunger Report)ഇക്കാര്യം വെളിപ്പെടുത്തുന്നത്. പട്ടിണി കിടക്കുന്ന 194 മില്ല്യണ്‍ ആളുകള്‍ ഇന്ത്യയിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ആഗോളതലത്തില്‍ 2014-15 വര്‍ഷത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം 795 മില്ല്യണ്‍ ആയി കുറഞ്ഞു. 1990-92 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 1 ബില്ല്യണ്‍ ആളുകളാണ് ആഗോളതലത്തില്‍ പട്ടിണി അനുഭവിക്കുന്നവരായി ഉണ്ടായിരുന്നത്. ചൈന ഉള്‍പ്പെടുന്ന വടക്കന്‍ ഏഷ്യയിലുണ്ടായ കുറവുകളാണ് ആഗോളതലത്തിലും പ്രതിഫലിച്ചത്.
“ദി സ്‌റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ഇന്‍ ദി വേള്‍ഡ് ” എന്ന പേരില്‍ ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്റ് അഗ്രി കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇന്ത്യയില്‍ 1990നും 2015 നും ഇടയ്ക്ക് പട്ടിണിപ്പാവങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1990-92ല്‍ ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണം 210.1 മില്ല്യണ്‍ ആയിരുന്നു. ഇവിടെ നിന്നാണ് 2014-15 ആയപ്പോഴേക്കും 194.6 മില്ല്യണിലെത്തിയത്.
ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ഇന്ത്യ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ പക്ഷെ ഇന്ത്യയില്‍ നിലവില്‍ 194 മില്ല്യണ്‍ ആളുകള്‍ പട്ടിണിപ്പാവങ്ങളാണെന്നും നിരീക്ഷിക്കുന്നു. പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുന്നതിനായുള്ള ഇന്ത്യയുടെ പരിപാടികള്‍ ഇതേരീതിയില്‍ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, പട്ടിണിപ്പാവങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലായിരുന്ന ചൈനയില്‍ വന്‍ കുറവാണുണ്ടായത്. 1990-92ല്‍ 289 മില്ല്യണ്‍ പട്ടിണിപ്പാവങ്ങളുണ്ടായിരുന്ന ചൈനയില്‍ ഇപ്പോള്‍ 133.8 മില്ല്യണ്‍ ആളുകളാണ് ഉള്ളത്. ഈ കുറവാണ് കണക്കുകളില്‍ ഇന്ത്യയെ മുന്നിലേക്കെത്തിച്ചത്.
ഫുഡ് ആന്റ് അഗ്രി കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ വിലയിരുത്തിയ 129 രാജ്യങ്ങളില്‍ 72 2015ഓടെ എണ്ണത്തിലും ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം പകുതിയായി കുറയ്ക്കുക എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യം സാധ്യമായിട്ടുണ്ട്. വളര്‍ച്ചയുടെ കാര്യത്തില്‍ ലാറ്റിന്‍ അമേരിക്ക, കരീബിയ, തെക്ക് കിഴക്കന്‍- മധ്യ ഏഷ്യ തുടങ്ങിയ പ്രദേശങ്ങളെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
അതേസമയം സാമ്പത്തിക വളര്‍ച്ച, കാര്‍ഷിക നിക്ഷേപങ്ങള്‍, സാമൂഹിക സുരക്ഷ, രാഷ്ട്രീയ സുസ്ഥിരത തുടങ്ങിയവയിലൂടെ പട്ടിണി ഇല്ലാതാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു