പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് കൂറ്റന്‍ പരാജയം നേരിട്ടിരിക്കുകയാണ്. പെര്‍ത്ത് ടെസ്റ്റില്‍ 360 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്.
രണ്ടാം ഇന്നിങ്‌സില്‍ 450 റണ്‍സിന്റെ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ വെറും 89 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 487 റണ്‍സ് നേടി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ സെഞ്ച്വറിയും മിച്ചല്‍ മാര്‍ഷിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ലീഡ് നേടാനുറച്ച് കളത്തിലിറങ്ങിയ പാകിസ്ഥാന് ആദ്യ ഇന്നിങ്‌സില്‍ പ്രതീക്ഷിച്ച പ്രകടനം പുറകത്തെടുക്കാന്‍ സാധിച്ചില്ല. 271 റണ്‍സിന് സന്ദര്‍ശകര്‍ പുറത്താവുകയായിരുന്നു. 62 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖായിരുന്നു ടോപ് സ്‌കോറര്‍.
216 റണ്‍സിന്റെ ലീഡുമായി കളത്തിലിറങ്ങിയ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
450 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ പാക് പടയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. ഏഴ് താരങ്ങള്‍ ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ പാക് ഇന്നിങ്‌സ് 89ല്‍ അവസാനിച്ചു.
ജോഷ് ഹെയ്‌സല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നഥാന്‍ ലിയോണ്‍ രണ്ടും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.
പാകിസ്ഥാന്റെ ഈ തോല്‍വില്‍ ഫലത്തില്‍ ലാഭമുണ്ടായിരിക്കുന്നത് ഇന്ത്യക്കാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളിന്റെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ.
66.67 എന്ന വിജയശതമാനത്തില്‍ പാകിസ്ഥാനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ഇന്ത്യ. രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി ഇന്ത്യക്ക് 16 പോയിന്റും മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയുമടക്കം 24 പോയിന്റാണ് പാകിസ്ഥാനുള്ളത്.
(വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)
അതേസമയം, ടെസ്റ്റ് പരമ്പരയിലെ അടുത്ത മത്സരം വിജയിച്ചാല്‍ പാകിസ്ഥാന് തിരിച്ചുവരാനും സാധ്യതകളുണ്ട്.
ഡിസംബര്‍ 26നാണ് പരമ്പരയിലെ അടുത്ത മത്സരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
Content highlight: India topped the points table of the World Test Championship