ന്യൂദൽഹി: 2024ൽ ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ലോകത്ത് രണ്ടാമതായി ഇന്ത്യ. 84 തവണയാണ് 2024ൽ മാത്രം ഇന്ത്യ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയത്. ഡിജിറ്റൽ അവകാശ സംഘടനയായ ആക്‌സസ് നൗവും സിവിൽ സൊസൈറ്റി സംഘടനകളുടെ കൂട്ടമായ #KeepItOnഉം ചേർന്ന് പുറത്തിറക്കിയ ‘എംബോൾഡൻഡ് ഒഫൻഡർസ് എൻഡിൻജെഡ് കമ്മ്യൂണിറ്റീസ്: ഇന്റർനെറ്റ് ഷട്ട് ഡൗൺസ് ഇൻ 2024′ എന്ന റിപ്പോർട്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്.
കഴിഞ്ഞ ആറ് വർഷങ്ങളായി ഇന്ത്യയായിരുന്നു ഇന്റർനെറ്റ് നിരോധനത്തിൽ ഒന്നാമത്. ഇത്തവണ ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനാജ്ഞ നടത്തിയ രാജ്യം മ്യാൻമർ ആണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നുണ്ട്. മ്യാൻമറിലെ സൈനിക ഭരണകൂടം 85 തവണയാണ് രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചത്.
ഇന്ത്യയിൽ, 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. മണിപ്പൂരിലാണ് ഏറ്റവും കൂടുതൽ തവണ നിരോധനാജ്ഞ നടത്തിയത്. 21 തവണ. തൊട്ടുപിന്നിൽ ഹരിയാനയും ജമ്മു കശ്മീറും ആണുള്ളത് ഇരുസ്ഥലങ്ങളിലും 12 തവണയാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. ആകെ ഉണ്ടായിരുന്ന 84 ഇന്റർനെറ്റ് വിച്ഛേദിക്കലിൽ 41 എണ്ണം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതും 23 എണ്ണം വർഗീയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയതുമാണ്.
വർഷാവർഷം സംഘർഷങ്ങൾ, പ്രതിഷേധങ്ങൾ, തെരഞ്ഞെടുപ്പുകൾ, എന്നിവയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലാണ് അധികാരികൾ അടച്ചുപൂട്ടൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
2024 ഡിജിറ്റൽ ബ്ലാക്ക്ഔട്ടുകളുടെ റെക്കോർഡുകൾ ഭേദിച്ച വർഷമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2023 നെ അപേക്ഷിച്ച് എക്സ്, ടിക് ടോക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനാജ്ഞയിൽ വലിയ വർധനവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
2024ൽ, ആക്‌സസ് നൗവും #KeepItOnഉം 54 രാജ്യങ്ങളിലായി 296 ഇന്റർനെറ്റ് ഷട്ട്‌ഡൗണുകൾ നടന്നതായി റിപ്പോർട്ട് ചെയ്തു. 2023ൽ 39 രാജ്യങ്ങളിലായി 283 ഷട്ട്‌ഡൗണുകൾ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.
2022 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇന്റർനെറ്റ് നിരോധിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ 35% വർധനവ് രേഖപ്പെടുത്തി. ഈ വർഷം ഏഴ് രാജ്യങ്ങൾ ആദ്യമായി ഇന്റർനെറ്റ് നിരോധനാജ്ഞ ഏർപ്പെടുത്തിഎന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. 2024ൽ രേഖപ്പെടുത്തിയ മൊത്തം ഷട്ട്ഡൗൺകളുടെ 64 ശതമാനത്തിലധികവും മ്യാൻമർ, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർച്ചയായി ഇന്റർനെറ്റ് ഷട്ട്ഡൗൺ നടത്തുന്ന രാജ്യങ്ങൾ അന്വേഷണങ്ങൾ നടത്തുകയും ഇതിന് പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്തു. ‘ഇന്റർനെറ്റ് ഷട്ട്ഡൗണുകളുടെ മറവിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടക്കുന്നു. കുറ്റവാളികളെയും അവരുടെ സഹായികളെയും പിടികൂടാൻ സർക്കാരുകളും അന്താരാഷ്ട്ര സമൂഹവും ബാധ്യസ്ഥരാണ്,’ റിപ്പോർട്ട് പറഞ്ഞു.
Content Highlight: India Top Among Democratic Countries in Imposing Internet Shutdowns in 2024: Report