ന്യൂദല്‍ഹി: ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന അമേരിക്കയുടെ വിമര്‍ശനത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.
ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ട്. എന്നാല്‍ ആ അഭിപ്രായം പറയുന്നവരുടെ താല്‍പ്പര്യങ്ങളെ കുറിച്ചും വോട്ട് ബാങ്കിനെകുറിച്ചുമെല്ലാം ഉള്ള നിലപാട് വ്യക്തമാക്കാന്‍ ഇന്ത്യയ്ക്കും തുല്യ അവകാശമുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യ-യുഎസ് 2+2 മന്ത്രിതല യോഗത്തില്‍ മനുഷ്യാവകാശ പ്രശ്‌നം ചര്‍ച്ചാവിഷയമായില്ലെന്ന് എസ്. ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് പ്രതികരണം.
എന്നാല്‍ ഇന്ത്യയും യു.എസും തമ്മില്‍ മനുഷ്യാവകാശ വിഷയങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച നടന്നില്ലെന്നും ചര്‍ച്ചയുണ്ടെങ്കില്‍ നിലപാട് പറയാന്‍ ഇന്ത്യക്ക് മടിയില്ലെന്നും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവരുമ്പോള്‍ അതില്‍ കൃത്യമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനെ കുറിച്ചുള്ള ഒരു നിര്‍ദേശവും ഇന്ത്യ ഉന്നയിച്ചില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഉക്രെയ്‌നിലെ സംഭവവികാസങ്ങളെ ഞങ്ങള്‍ എങ്ങനെ കാണുന്നു എന്ന് നിങ്ങള്‍ എന്നോട് ചോദിക്കുകയാണെങ്കില്‍, കഴിഞ്ഞ മാസം മന്ത്രി വാങ് യി ഇന്ത്യയില്‍ വന്നിരുന്നു. ഞങ്ങള്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചയും ശത്രുത അവസാനിപ്പിക്കലും അനിവാര്യമായ ആദ്യപടിയായിരിക്കുമെന്ന് ഞങ്ങള്‍ സമ്മതിക്കുകയും ഇപ്പോഴും സമ്മതിക്കുകയും ചെയ്യുന്നു,” വിദേശകാര്യ മന്ത്രി പറഞ്ഞു.
ഉക്രൈന്‍ വിഷയത്തിലെ ഇന്ത്യയുടെയും ചൈനയുടെയും വ്യത്യസ്ത നിലപാടുകളെ കുറിച്ച് അമേരിക്കക്ക് ബോധ്യമുണ്ടന്നും ജയശങ്കര്‍ പറഞ്ഞു.
Content Highlights: India too has views on human rights situation in US, says Jaishankar