| Tuesday, 5th March 2019, 4:03 pm

ബാലാകോട്ട് ആക്രമണത്തെ കുറിച്ച് ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകനെ രാജ്യദ്രോഹിയാക്കി കേന്ദ്രമന്ത്രി; വായടപ്പിച്ച് മാധ്യമപ്രവര്‍ത്തകന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചാനല്‍ അഭിമുഖത്തിനിടെ ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് കയര്‍ത്ത് ബി.ജെ.പി നേതാവും കേന്ദ്ര റെയില്‍വേ മന്ത്രിയുമായ പീയുഷ് ഗോയല്‍. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിനിടെയായിരുന്നു സംഭവം.

ബാലാകോട്ട് വ്യോമാക്രമണം എത്രത്തോളം വിജയകരമായിരുന്നു എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ കന്‍വാല്‍ ഉന്നയിച്ച ചോദ്യം. ബി.ജെ.പി നേതാക്കള്‍ 300 ഉം 400 ഉം ആളുകള്‍ കൊല്ലപ്പെട്ടെന്ന് പറയുന്നുണ്ടല്ലോയെന്നും എന്തെങ്കിലും തെളിവുകളുടെ പിന്‍ബലത്തിലാണോ ഇതെല്ലാം പറയുന്നത് എന്നുമായിരുന്നു രാഹുല്‍ ചോദിച്ചത്.

എന്നാല്‍ ഈ ചോദ്യത്തോട് ഏറേ രോഷത്തോടെയാണ് മന്ത്രി പ്രതികരിച്ചത്. ഇന്ത്യയുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം ആളുകള്‍ക്കൊപ്പമാണ് താങ്കളെന്നായിരുന്നു മന്ത്രിയുടെ മറുപടി “” ഈ ആക്രമണം താങ്കള്‍ വിശ്വസിക്കുന്നുണ്ടോ എന്ന മറുചോദ്യവും മന്ത്രി ഉന്നയിച്ചു. താന്‍ മറുപടി പറയാമെന്ന് പറഞ്ഞ് രാഹുല്‍ കന്‍വാല്‍ സംസാരിക്കാന്‍ തുടങ്ങിയെങ്കിലും മന്ത്രി അനുവദിച്ചില്ല.


മീടൂവിനെ പരിഹസിച്ചുകൊണ്ടുള്ള ബാലന്‍ വക്കീലിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് ദിലീപ്


നമ്മുടെ സായുധസേനകളെ അവിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണോ താങ്കളും? ഇന്ത്യന്‍ സേനയക്കെതിരായാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് ഈ മുറിയില്‍ ഇരിക്കുന്ന ആരെങ്കിലും രാഹുല്‍ കന്‍വാലിന് പറഞ്ഞുകൊടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രാഹുല്‍ കന്‍വാലിനെ ഒരക്ഷരം പോലും സംസാരിക്കാന്‍ അനുവദിക്കാതെയായിരുന്നു മന്ത്രി തുടര്‍ന്നത്. താങ്കളെപ്പോലുള്ളവര്‍ ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോകുമ്പോള്‍ രാജ്യത്തിന്റെ നിലനില്‍പ്പ് എങ്ങനെയായിരിക്കുമെന്നും പാക്കിസ്ഥാന്‍ പറയുന്നത് അംഗീകരിക്കാനാണ് താങ്കളെപ്പോലുള്ളവര്‍ക്ക് താത്പര്യമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. പാക്കിസ്ഥാന്‍ തിയറി ഇന്ത്യയില്‍ നടപ്പിലാക്കുകയാണെന്നും ഇത് ലജ്ഞാവഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതിന് പിന്നാലെ മറുപടിയുമായി രാഹുല്‍ കന്‍വാല്‍ എത്തി. “” മിനിസ്റ്റര്‍, എന്റെ ജോലി മാധ്യമപ്രവര്‍ത്തനമാണ്. നിങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കാനാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. “”- എന്ന് കന്‍വാല്‍ മറുപടി പറഞ്ഞപ്പോഴേക്കും നിങ്ങള്‍ സേനയെയാണ് ചോദ്യം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞതിനെയാണ് നിങ്ങള്‍ സംശയത്തോടെ കാണുന്നതെന്നുമായിരുന്നു പീയുഷ് ഗോയലിന്റെ മറുപടി.

“”എനിക്ക് ഒന്നും പറയാനില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല. പാക്കിസ്ഥാനിലേക്ക് പോയ വിമാനത്തിന്റെ പൈലറ്റ് ഞാനായിരുന്നില്ല. പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച വിമാനം പറത്തിയതും ഞാനല്ല. വ്യോമസേന ഒന്നും ചെയ്തില്ലെന്ന തരത്തിലുള്ള നിങ്ങളുടെ നിലപാട് അങ്ങേയറ്റം ഖേദകരമാണ്. വളരെ പ്രശസ്തമായ ഒരു മാധ്യമസ്ഥാപനത്തിലിരുന്ന് താങ്കളെപ്പോലുള്ള ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലാ””യെന്ന് കൂടി മന്ത്രി പറഞ്ഞു വെച്ചു.

ഇതോടെ തന്നെ മറുപടി പറയാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് രാഹുല്‍ കന്‍വാലും എത്തി. “” മിനിസ്റ്റര്‍, ഞാന്‍ ഒരു ആര്‍മി ഉദ്യോഗസ്ഥന്റെ മകനാണ്. അദ്ദേഹം ഇന്ത്യയിലെ മുന്‍നിര സൈനിക വിദഗ്ധരില്‍ ഒരാളും കൂടിയായിരുന്നു.

മന്ത്രി, എനിക്കോ അല്ലെങ്കില്‍ ഇവിടെ ഇരിക്കുന്ന ആര്‍ക്കെങ്കിലുമോ ദേശീയതയെ കുറിച്ചോ ദേശസ്‌നേഹത്തെ കുറിച്ചോ നിങ്ങളില്‍ നിന്നോ അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നോ പഠിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇത് ലളിതമായ ബൈനറിയല്ല. ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ദേശവിരുദ്ധരാകില്ല””- രാഹുല്‍ കന്‍വാല്‍ മറുപടി പറഞ്ഞു.

300, 400 എണ്ണത്തിന്റെ കണക്കൊന്നും ആര്‍മിയോ വ്യോമസേനയോ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ബി.ജെ.പിയുടെ സംപിത് പിത്രയാണ് 400 പേര്‍ മരിച്ചുവെന്ന കണക്കുമായി ആദ്യം എത്തിയതെന്നും രാഹുല്‍ കന്‍വാല്‍ പറഞ്ഞു.

“”തെളിവുകളുടെ ആവശ്യമുണ്ടോയെന്ന് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ട്. സൈന്യത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. ഒരു ബി.ജെ.പി മന്ത്രിയോടുള്ള ചോദ്യം ഒരിക്കലും സൈന്യത്തോടുള്ള ചോദ്യമാകില്ലെ””ന്ന് കൂടി രാഹുല്‍ കന്‍വാല്‍ കൂട്ടിച്ചേര്‍ത്തു.

ഇതോടെ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കൊന്നും പറയാനാവില്ലെന്നും ആര്‍മിയും എയര്‍ഫോഴ്‌സുമാണ് കാര്യങ്ങള്‍ പറയേണ്ടതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

We use cookies to give you the best possible experience. Learn more