ന്യൂദല്‍ഹി: ജെ.ഡി.യുവിന്റെ മുതിര്‍ന്ന നേതാവ് എം.പി വിരേന്ദ്രകുമാറിനെ ബി.ജെ.പിക്കാരനാക്കി ഇന്ത്യാ ടുഡെ. ഇടതുമുന്നണിയിലേക്ക് വീരേന്ദ്രകുമാര്‍ അടുക്കുന്നുവെന്ന വാര്‍ത്തകള്‍ ഉയര്‍ന്നു വരുന്നതിനിടെയാണ് ഇത്. ഇന്ത്യാ ടുഡെയ്ക്ക് പറ്റിയ അമളി അണികളേയും കേരളീയരേയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന ഒമ്പത് മന്ത്രിമാരുടെയും ചിത്രങ്ങള്‍ കൊടുത്തുകൊണ്ട് അവതരിപ്പിച്ച മോദി മിഷന്‍ 2019 എന്ന പ്രത്യേക വാര്‍ത്താ പരിപാടിയിലായിരുന്നു വീരേന്ദ്രകുമാറിനെ ബി.ജെ.പിക്കാരന്‍ ആക്കിയത്.
ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന കൂട്ടത്തില്‍ മധ്യപ്രദേശില്‍ നിന്നുളള എം.പിയായ ഡോ. വീരേന്ദ്രകുമാറുമുണ്ട്. ഈ വീരേന്ദ്രകുമാറിന് പകരമാണ് കേരളത്തിലെ വീരേന്ദ്രകുമാര്‍ കടന്നു വന്നത്. വീരന്റെ ചിത്രം തന്നെയാണ് ഇന്ത്യാ ടുഡെ ചര്‍ച്ചയിലുടനീളം ഉപയോഗിച്ചതും.
നേരത്തെ മലയാളം ചാനലായ മീഡിയവണിനും സമാനമായ അബദ്ധം സംഭവിച്ചിരുന്നു. ചാനലിലെ ചര്‍ച്ചയ്ക്കിടയില്‍ പുതിയ മന്ത്രിമാരുടെ പേരുകള്‍ സ്‌ക്രോള്‍ ചെയ്തപ്പോള്‍ വീരേന്ദ്രകുമാറിന്റെ പേര് കണ്ട് ബി.ജെ.പിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്ന അംഗം അവിശ്വാസം രേഖപ്പെടുത്തുകയും മാധ്യമങ്ങള്‍ അവാസ്തവമാണ് പറയുന്നതെന്നും വ്യക്തമാക്കിയിരുന്നു.
ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ ബി.ജെ.പിയുമായി സഖ്യത്തിന് തയ്യാറായപ്പോള്‍ അതിനെതിരെ വീരന്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീരന്‍ വിഭാഗം ഇടതു മുന്നണിയിലേക്ക് ചേക്കെറുന്നുവെന്ന് ചര്‍ച്ചകള്‍ ശക്തമായത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ചര്‍ച്ച നടത്തിയിരുന്നു.