രാഹുല്‍ ഉന്നയിച്ച ആ ചോദ്യം ചോദിച്ച് അമിത് ഷായെ ഉത്തരംമുട്ടിച്ചു; മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം
national news
രാഹുല്‍ ഉന്നയിച്ച ആ ചോദ്യം ചോദിച്ച് അമിത് ഷായെ ഉത്തരംമുട്ടിച്ചു; മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th December 2018, 10:04 am

 

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് ഉത്തരംമുട്ടിക്കുന്ന ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ സൈബര്‍ ആക്രമണം. പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് ഒരു വാര്‍ത്താസമ്മേളനം പോലും നടത്താത്തത് എന്നാണ് ഇന്ത്യാ ടുഡേയിലെ മാധ്യമപ്രവര്‍ത്തക മൗസാമി സിങ് അമിത് ഷായോട് ചോദിച്ചത്.

ഇതിനു പിന്നാലെ ബി.ജെ.പി അനുകൂലികള്‍ മൗസാമിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചു രംഗത്തുവരികയായിരുന്നു.

അമിത് ഷായോട് മൗസാമി ഈ ചോദ്യം ചോദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചോദ്യത്തോട് അമിത് ഷാ അസ്വസ്ഥനായി പ്രതികരിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.

നാലരവര്‍ഷക്കാലം പ്രധാനമന്ത്രിയായി തുടര്‍ന്നിട്ടും മോദി ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയിട്ടില്ലയെന്ന കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പൊതുശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ഉന്നയിക്കുകയായിരുന്നു.

ചോദ്യത്തില്‍ അസ്വസ്ഥനായ അമിത് ഷാ സ്വന്തം പാര്‍ട്ടിയുടെ വക്താവിന്റെ പേരുവരെ തെറ്റിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. ” രാഹുല്‍ ഗാന്ധിക്ക് സന്ദീപ് (സംബിത്) പാത്ര മറുപടി നല്‍കും.” എന്നായിരുന്നു അമിത് ഷായുടെ മറുപടി.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൗസാമി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി അനുകൂലികള്‍ ഇവര്‍ക്കുനേരെ ആക്രമണവുമായി രംഗത്തുവരികയായിരുന്നു. “അവര്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരണം” എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പരിഹസിക്കുന്നത്. ചീത്തവിളിച്ചുകൊണ്ടും നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്.