| Friday, 28th April 2017, 3:41 pm

സാക്കിര്‍ നായിക്കിന്റെ ലൈവ് ഷോ മതപരിവര്‍ത്തനത്തിനു പിന്നില്‍ പണവും ഉപഹാരങ്ങളും- ഇന്ത്യാ ടുഡേ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

” അടിസ്ഥാനപരമായി ഇവര്‍ ശവകുടീരം സന്ദര്‍ശിക്കുന്നതിന് എതിരായി പ്രചരണം നടത്തും. ജിഹാദ്… ആരെങ്കിലും അവരുടെ അഭിപ്രായത്തോട് വിയോജിച്ചാല്‍ പിന്നെ ബലപ്രയോഗം നടത്തും. (അതിലാണ് അവര്‍ വിശ്വസിക്കുന്നത്.). രക്തച്ചൊരിച്ചല്‍വരെ നിതീകരിക്കപ്പെടും.” ഇര്‍ഫാന്‍ ആരോപിക്കുന്നു.



റിപ്പോര്‍ട്ട്: സുശാന്ത് പതക്, ജംഷദ് അലിഖാന്‍, വിശ്വാസ് കുമാര്‍, ഹാരിഷ് ശര്‍മ്മ

പരിഭാഷ/ ജിന്‍സി ബാലകൃഷ്ണന്‍


സ്യൂട്ട് ധരിച്ച് പ്രത്യക്ഷപ്പെട്ട സാക്കിര്‍ നായിക് ഒരു ക്രിസ്ത്യന്‍ യുവതിയോട് മതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംവാദം നടത്തുന്നു. ചുറ്റുമുള്ള ക്യാമറകള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഒഴുക്കുള്ള കാഴ്ച വിഭവത്തിനായി ഒപ്പിയെടുക്കുന്നു. പീസ് ടി.വിയുടെ യൂട്യൂബ് ചാനലില്‍ സാക്കിര്‍ നായിക് ഇത്തരത്തില്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ ഒരുപാട് പേരെ പ്രേരിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാം.

പോഡിയത്തില്‍ നിന്നുകൊണ്ട് സാക്കിര്‍ നായികിനോട് ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയതിനുശേഷം പിന്നെ യുവതി ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതാണ് കാണുക. ഇതെല്ലാം തന്നെ ഏതാണ്ട് 18മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സംഭവിച്ചിരിക്കും.

മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ മേധാവി പൊതുവെ ഇത്തരത്തിലാണ് സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമസ്ഥതയിലുള്ള ടി.വിയില്‍ പ്രത്യക്ഷപ്പെടാറുള്ളതും ഇസ്‌ലാമിനെക്കുറിച്ചുള്ള അതോറിറ്റിയാണെന്ന തരത്തില്‍ പ്രചരിപ്പിക്കാറും ബോധ്യപ്പെടുത്താറുമുള്ളത്.


Also Read: വിശുദ്ധപശുവിന്റെ ആദ്യ രാഷ്ട്രീയ കൊലപാതകം


ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ പണത്തിനുവേണ്ടിയോ അല്ല തങ്ങള്‍ മതം മാറിയതെന്ന് ഇത്തരം ടെലിവിഷന്‍ സംവാദങ്ങളില്‍ മതപരിവര്‍ത്തനം നടത്തുന്നയാള്‍ പറയുന്നതായി ഡോ. നാക്കിക് ഉറപ്പുവരുത്താറുമുണ്ട്. അവരെ അവരുടെ സ്വന്തം താല്‍പര്യം അനുസരിച്ച് വിശ്വാസം മാറാന്‍ സഹായിച്ചുവെന്നേ കാണുന്നവര്‍ക്കു തോന്നൂ.

എന്നാല്‍ ടി.വി സ്റ്റുഡിയോയിലെ ക്യാമറകള്‍ക്കും വെളിച്ചത്തിനുമപ്പുറം സാക്കിര്‍ നായിക് സംശയാസ്പദമായ രീതികളില്‍ മതപരിവര്‍ത്തനം നടപ്പിലാക്കിയെന്ന ആരോപണമാണ് ഉയരുന്നത്. മുംബൈയിലും പൂനയിലും പോയി ഇത്തരം ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി)യെ ഇന്ത്യാ ടുഡേ രൂപീകരിക്കുകയായിരുന്നു.

പി.എ ഇനാംദാര്‍

സാക്കിര്‍നായിക് സൗദിയുടെ ശമ്പളക്കാരന്‍

ഇന്ത്യാ ടുഡേയുടെ നാല് കറസ്‌പോണ്ടന്റുകള്‍ 12 ദിവസമാണ് ഈ രണ്ടു നഗരങ്ങളിലുമായി ചിലവഴിച്ചത്. ഐ.ആര്‍.എഫ് തലവന്മാരെയും അതുമായി മുമ്പു ബന്ധമുണ്ടായിരുന്നവരെയും ഇപ്പോള്‍ ബന്ധമുള്ളവരെയുമൊക്കെ കാണുകയും സംസാരിക്കുകയും ചെയ്തു.

സാക്കിര്‍ നായിക് ആളുകളെ പ്രലോഭിപ്പിച്ചാണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന ആരോപണം ഇവരിലൊരാളും നിഷേധിച്ചില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഐ.ആര്‍.എഫില്‍ ചില ചുമതലകള്‍ വഹിച്ചിരുന്നവരുമായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍മാര്‍ സംസാരിച്ചിരുന്നു. അവര്‍ പറഞ്ഞത് സാക്കിര്‍ നായിക് മതപരിവര്‍ത്തനം നടത്തുന്നതിന് സൗദിയുടെ ശമ്പളം പറ്റുന്നയാളാണെന്നാണ്.

പൂനെ ആസാം ക്യാമ്പസിലെ മഹാരാഷ്ട്ര കോസ്‌മോ പൊളിറ്റന്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റായ പി.എ ഇനാംദാര്‍ 2008ല്‍ സാക്കിര്‍ നായികിന്റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആ പരിപാടിയില്‍ പൊതുസംവാദത്തിനൊടുവില്‍ ഹിന്ദു, ജൈനവിഭാഗങ്ങളില്‍പ്പെട്ട 12പേരെ തത്സമയം മതപരിവര്‍ത്തനം നടത്തിയിരുന്നു. ഈ തത്സമയ മതപരിവര്‍ത്തനത്തോടുള്ള തന്റെ എതിര്‍പ്പ് സാക്കിര്‍ നായികിനെ അറിയിച്ചിരുന്നതായി ഇനാംദാര്‍ പറയുന്നു. ഈ മതപരിവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതാണെന്ന സംശയം അപ്പോഴേ തോന്നിയിരുന്നതായും അദ്ദേഹം പറയുന്നു.

“നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊന്നും ശരിയല്ലെന്ന് പോഡിയത്തില്‍ നിന്നും ഇറങ്ങിയ നിമിഷം തന്നെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.” എന്നാണ് ഇനാംദാര്‍ ഇന്ത്യ ടുഡേ സംഘത്തോടു പറഞ്ഞത്.

“മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹമുള്ളവര്‍ക്ക് പൂര്‍ണ ബോധ്യത്തോടെ നടത്താവുന്നതാണ്. അവര്‍ക്ക് പൊതുവേദി ആവശ്യമില്ല. എന്റെ അഭിപ്രായത്തില്‍ അന്ന് അവിടെ നടന്നതെല്ലാം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒന്നാണ്.”

വിദേശ ഫണ്ട് ആകര്‍ഷിക്കാനുള്ള തന്ത്രമോ?

വിദേശ ഫണ്ടിങ് ആകര്‍ഷിക്കാനുള്ള തന്ത്രമാകാം ഡോ. സാകിര്‍ നായിക്കിന്റെ ഈ മതപരിവര്‍ത്തനങ്ങളെന്ന ആശങ്കയും ഇനാംദാര്‍ പങ്കുവെച്ചു. “മറ്റൊരു തരത്തില്‍ നോക്കിയാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വെച്ചുപുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നും പണം നേടിയെടുക്കാനുള്ള പണിയാവാം ഇത്.” ഇനാംദാര്‍ അഭിപ്രായപ്പെട്ടു.

ഡോ. നായിക്കിന് ഇപ്പോള്‍ അഭയം നല്‍കിയ അറബ് രാജ്യത്തെയാവാം അദ്ദേഹം ഉദ്ദേശിച്ചത്.

താങ്കള്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍ സാക്കിര്‍ നായിക്കിന്റെ പ്രതികരണം എന്തായിരുന്നെന്ന് ചോദിച്ചപ്പോള്‍ ഇതൊക്കെ പതിവല്ലേയെന്നാണ് നായിക് മറുപടി പറഞ്ഞതെന്നാണ് ഇനാംദാര്‍ പറഞ്ഞത്.

സാക്കിര്‍ നായിക്കിന്റെ മതപരിവര്‍ത്തനം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന സംശയം ആവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു- ” എല്ലാവര്‍ക്കും ഓരോ ബോധ്യമുണ്ട്. വൈകാരികവും ബുദ്ധിപരവുമാകാനുള്ള ആളുകളുടെ കഴിവ് വ്യത്യസ്തമായിരിക്കും. നിങ്ങള്‍ ഇസ്‌ലാമിന്റെ എ.ബി.സി.ഡിപോലും പഠിച്ചിട്ടില്ല. വെറും അരമണിക്കൂറു ദൈര്‍ഘ്യമുള്ള പ്രസംഗം കേട്ട് നിങ്ങള്‍ തലമുറകളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാവില്ലല്ലോ. അതിനെ വികാരങ്ങള്‍കൊണ്ട് ഇല്ലാതാക്കാനാ വെച്ചുപിടിപ്പിക്കാനോ കഴിയില്ല.” ഇനാംദാര്‍ വിശദീകരിക്കുന്നു.

കഴിഞ്ഞവര്‍ഷം ഡോ. സാക്കിര്‍ നായിക് സൗദി അറേബ്യയുടെ ഏറ്റവും വിലപ്പെട്ട “സര്‍വ്വീസ് ടു ഇസ്‌ലാം പുരസ്‌കാരം സല്‍മാന്‍ രാജാവില്‍ നിന്നും സ്വീകരിച്ചിരുന്നു. 2013ല്‍ യു.എ.ഇ പ്രധാനമന്ത്രി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ഇസ്‌ലാമിക് പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.

തന്റെ മതം മറ്റെല്ലാ മതങ്ങള്‍ക്കും മുകളിലാണെന്നാണ് മുംബൈ കേന്ദ്രീകരിച്ചുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ തലവന്‍ പരസ്യമായി പ്രഖ്യാപിക്കാറുള്ളത്. അതേസമയം യുവാക്കളെ ഇസ്‌ലാമില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നുവെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. ഇന്ത്യ ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തീവ്രവാദ സംഘടനയെ “ആന്റി ഇസ്‌ലാമിക് സ്റ്റേറ്റ്” എന്നാണ് വിശേഷിപ്പിച്ചത്.

ഇന്ത്യയില്‍ നിയമവിരുദ്ധമായി മതപരിവര്‍ത്തനം നടത്താനായി സാകിര്‍ നായികും അദ്ദേഹത്തിന്റെ ഐ.ആര്‍.എഫും സൗദി അറേബ്യ പോലുള്ള വിദേശരാജ്യങ്ങളുടെ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നുണ്ടെന്നാണ് പൊലീസും സംശയിക്കുന്നത്.

റിസ്വാന്‍

പ്രലോഭനത്തിലൂടെ, ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം നടത്തിയ ഇത്തരം 800ഓളം കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് മുംബൈ പൊലീസ് അവകാശപ്പെടുന്നത്.

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ഒരു ഐ.ആര്‍.എഫ് ജീവനക്കാരനെയും മറ്റൊരാളെയും അറസ്റ്റു ചെയ്തിരുന്നു.

നായികിന്റെ സ്ഥാപനത്തിലെ ഗസ്റ്റ് റിലേഷന്‍സ് മാനേജര്‍ അര്‍ഷി ഖുറേഷിയെ അദ്ദേഹത്തിന്റെ നവി മുംബൈയിലെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. ഐസിസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന കേരളത്തില്‍ നിന്നും അപ്രത്യക്ഷരായ 21യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായായിരുന്നു അറസ്റ്റ്.

അദ്ദേഹത്തിന്റെ അറസ്റ്റിനുശേഷം അന്വേഷണ സംഘം റിസ്വാന്‍ ഖാനെ കസ്റ്റഡിയിലെടുത്തു. മുംബൈയിലെ മാസ്ഗൗണിലുള്ള അല്‍ ബിര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകനായിരുന്നു ഖാന്‍. ഈ സ്ഥാപനത്തിന് ഐ.ആര്‍.എഫുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

സംശയാസ്പദമായ സാഹചര്യത്തില്‍ ഖുറേഷിയും ഖാനും 800പേരെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്നാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന പറയുന്നത്. മതപരിവര്‍ത്തനം നടത്തിയ എല്ലാവരേയും സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് ഐ.ആര്‍.എഫ്, എ.ടി.എസ് ഉറവിടങ്ങള്‍ ഇന്ത്യാ ടുഡേയോട് കഴിഞ്ഞയാഴ്ച പറഞ്ഞത്.

മതപരിവര്‍ത്തനത്തിനു മുമ്പ് ഖുറേഷി ഐ.ആര്‍.എഫില്‍ നിന്നുള്ള ഇസ്‌ലാമിക മതപുസ്തകങ്ങള്‍ അവര്‍ക്കു നല്‍കിയതായും അന്വേഷണ സംഘം പറയുന്നു. അവരെ പിന്നീട് റിസ്‌വാന്‍ ഖാന് പരിചയപ്പെടുത്തുകയായിരുന്നു. അദ്ദേഹമാണ് ഇവരെ തീവ്രവാദികളാക്കിയതെന്നാണ് എ.ടി.എസ് സോഴ്‌സുകളില്‍ നിന്നു വ്യക്തമാകുന്നത്.

നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും തട്ടിപ്പിലൂടെയുമുള്ള മതപരിവര്‍ത്തനം അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ പോലുള്ള മിക്ക സംസ്ഥാനങ്ങളിലും നിയവിരുദ്ധമാണ്.

ഈ അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യാ ടുഡേ ടീം മുംബൈയിലെ ഒരു മദ്രസയിലെ മുതിര്‍ന്ന പുരോഹിതനായ മുഫ്തി മന്‍സൂര്‍ സിയായെ കണ്ടിരുന്നു. ഹാജി അലി ദര്‍ഗയിലെ ഉപദേശനാണ് അദ്ദേഹം. ഇതിനു പുറമേ സാക്കിര്‍ നായിക്കിന്റെ പഴയ അനുയായിയായ അസിഫ് ഖാനെയും കണ്ടിരുന്നു.

മുംബൈയിലെ ഖാന്റെ കമ്പനിയാണ് 12 വര്‍ഷത്തിലേറെയായി ഐ.ആര്‍.എഫിന് സ്റ്റുഡിയോയും മറ്റ് ലോജിസ്റ്റിക്‌സും സെറ്റപ്പ് ചെയ്യാനുള്ള സാങ്കേതിക സഹായം നല്‍കിക്കൊണ്ടിരിക്കുന്നത്.

മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് നായിക് തുടര്‍ന്നും സഹായം നല്‍കി

സംഭാഷണത്തിനിടെ മുഫ്തി ഇന്ത്യാ ടുഡേ എസ്.ഐ.ടിയോട് വെളിപ്പെടുത്തിയത് മതപരിവര്‍ത്തനത്തിനുശേഷവും ഇവര്‍ക്ക് സാക്കിര്‍ നായിക് സഹായം നല്‍കിയിരുന്നു എന്നാണ്. ” അവര്‍ക്ക് മതപരിവര്‍ത്തനം നടത്താന്‍ പണം നല്‍കിയിരുന്നു. ” സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ കേട്ടശേഷം ഒരു കൂട്ടം ഹിന്ദുക്കള്‍ മതപരിവര്‍ത്തനത്തിന് തയ്യാറായോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് മുഫ്തി പറഞ്ഞു.

അര്‍ഷി ഖുറേഷി

” സാക്കിര്‍ നായിക് ചില ഉപഹാരങ്ങള്‍ നല്‍കാറുണ്ടായിരുന്നു. ഒരുപാട് ഉപഹാരങ്ങള്‍. അതുമാത്രമല്ല. ഒരാള്‍ മതപരിവര്‍ത്തനം നടത്തുകയാണെങ്കില്‍ അദ്ദേഹം അയാളെ ഒരുപാട് സഹായിക്കും. സമുദായത്തില്‍ നല്ല നിലയില്‍ നില്‍ക്കാന്‍ സഹായിക്കും. ” അദ്ദേഹം വെളിപ്പെടുത്തുന്നു.

സാക്കിര്‍നായിക്കിന്റെ മതപരിവര്‍ത്തന പരിപാടികള്‍ക്ക് പിന്നില്‍ സൗദി ഫണ്ടിങ്ങാണെന്ന് മുഫ്തിയും ആരോപിച്ചു.

” പ്രത്യേകിച്ച് സൗദി അറേബ്യയാണ് ഫണ്ട് ചെയ്യുന്നതെങ്കില്‍ അമുസ് ലീങ്ങളെ മുസ്‌ലിം ആക്കിമാറ്റിക്കൊണ്ട് അദ്ദേഹം അവര്‍ക്കുവേണ്ടി ജോലി ചെയ്യുന്നുണ്ടെന്ന് അവരെ അറിയിക്കണം. അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ അവിടെ നിന്നുള്ള ഫണ്ട് വരുന്നത് അവസാനിക്കും.” അദ്ദേഹം പറയുന്നു.

1990കളില്‍ സാക്കിര്‍നായിക്കുമായി ബന്ധമുള്ള ഒരാളുമായും എസ്.ഐ.ടി ബന്ധപ്പെട്ടു. ഷെയ്ക്ക് ഇര്‍ഫാന്‍ എന്നുപേരുള്ള അദ്ദേഹം ഇപ്പോള്‍ ഒരു സ്വകാര്യ കമ്പനിയിലാണ്. സാക്കിര്‍നായിക്കിനെ ആളുകളുമായി ബന്ധിപ്പിച്ച ആദ്യ ഘടകങ്ങളിലൊന്ന് അദ്ദേഹമായിരുന്നു. 1992കളില്‍ കുറച്ചുകാലം ഇര്‍ഫാര്‍ അദ്ദേഹത്തിന്റെ വക്താവായിരുന്നു.

തീവ്ര വഹാബി ഇസ്‌ലാമിലേക്ക് അദ്ദേഹം യുവാക്കളെ ബ്രയിന്‍വാഷ് ചെയ്ത് കൊണ്ടുവരുമായിരുന്നെന്ന് ഇര്‍ഫാന്‍ ആരോപിക്കുന്നു.

” അടിസ്ഥാനപരമായി ഇവര്‍ ശവകുടീരം സന്ദര്‍ശിക്കുന്നതിന് എതിരായി പ്രചരണം നടത്തും. ജിഹാദ്… ആരെങ്കിലും അവരുടെ അഭിപ്രായത്തോട് വിയോജിച്ചാല്‍ പിന്നെ ബലപ്രയോഗം നടത്തും. (അതിലാണ് അവര്‍ വിശ്വസിക്കുന്നത്.). രക്തച്ചൊരിച്ചല്‍വരെ നിതീകരിക്കപ്പെടും.” ഇര്‍ഫാന്‍ ആരോപിക്കുന്നു.
ഐ.ആര്‍.എഫിന്റെ പ്രതികരണം

ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടിനെ പ്രതിരോധിച്ചുകൊണ്ട് ഐ.ആര്‍.എഫ് രംഗത്തുവന്നു.”ചരിത്രത്തിലൊരിക്കലും ഐ.ആര്‍.എഫ് ബലപ്രയോഗത്തിലൂടെയുള്ള മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. മതിപരിവര്‍ത്തനം ഒരിക്കലും ഐ.ആര്‍.എഫിന്റെ പ്രധാന അജണ്ടയല്ല.” എന്നാണ് ഐ.ആര്‍.എഫ് പ്രസ്താവനയിലൂടെ അറിയിച്ചത്.”ബോധവത്കരണവും സാമുദായിക ഐക്യവുമാണ് ഐ.ആര്‍.എഫിന്റെ അജണ്ട. ഈ ആരോപണങ്ങളെല്ലാം തന്നെ അവിടെയും ഇവിടെയും കേട്ടതിന്റെയും വ്യക്തിപരമായ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. അവ ഒന്നുകില്‍ സ്ഥാപനത്തോട് വെറുപ്പുള്ള മുന്‍ തൊഴിലാളികളുടേതാണ് അല്ലെങ്കില്‍ ഐ.ആര്‍.എഫിനെയും സാക്കിര്‍നായിക്കിനെയും സംബന്ധിച്ച് വലിയ പ്രാധാന്യമൊന്നുമില്ലാതിരുന്നവരുടേതാണ്. കഴിഞ്ഞയാഴ്ചകളില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ സാക്കിര്‍ നായിക് തന്നെ തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഈ ആരോപണങ്ങളോട് ഐ.ആര്‍.എഫ് പ്രതികരിക്കുന്നില്ല.” എന്നും പ്രസ്താവനയില്‍ പറയുന്നു.

ഇസ്‌ലാമിനെക്കുറിച്ചുള്ള സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുകയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ഗവേഷണ സ്ഥാപനം എന്നാണ് ഐ.ആര്‍.എഫ് സ്വയം വിശേഷിപ്പിച്ചത്.

“ഇസ്‌ലാമിക് സാഹിത്യത്തിലും അതിനെക്കുറിച്ചുള്ള വിവരങ്ങളിലും താല്‍പര്യമുള്ളവര്‍ ഐ.ആര്‍.എഫുമായി തുടരെ തുടരെ ബന്ധപ്പെടുകയും സാക്കിര്‍ നായിക്കിന്റെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും.” പ്രസ്താവനയില്‍ പറയുന്നു.

കടപ്പാട്: ഇന്ത്യാ ടുഡേ

We use cookies to give you the best possible experience. Learn more