| Thursday, 12th March 2020, 1:13 pm

ഇന്ന് കേരളം ചിന്തിക്കുന്നതുപോലെ നാളെ ഇന്ത്യ മുഴുവന്‍ ചിന്തിക്കട്ടെ; കേരളത്തിന്റെ കൊവിഡ് 19 പ്രതിരോധത്തെ പ്രകീര്‍ത്തിച്ച് ഇന്ത്യാ ടുഡേ ചര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളം കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ കൈക്കൊള്ളുന്ന നടപടികളെ പ്രശംസിച്ച് ഇന്ത്യാ ടുഡേയുടെ ചര്‍ച്ച. രജ്ദീപ് സര്‍ദേശായി ഇന്നലെ നയിച്ച ചര്‍ച്ചയിലായിരുന്നു കേരളത്തിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചത്.

പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെട്ടില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളം യുദ്ധസമാനമായ സാഹചര്യത്തിലാണ് കൊവിഡ് 19 നെ പ്രതിരോധിക്കുന്നതെന്ന് ഡോക്ടര്‍ അമര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് കേസുകളിലും ഉടന്‍ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞു. അതാണ് അതിനെ ചെറുക്കാന്‍ കഴിഞ്ഞത്. എന്നാല്‍ നിലവിലെ സാഹചര്യം വൈറസ് ബാധിതരായ ഇറ്റലിയില്‍ നിന്ന് വന്ന മൂന്ന് പേര്‍ പരിശോധന നടത്താതെ രക്ഷപ്പെട്ടത് മൂലം ഉണ്ടായതാണ്. ഇവര്‍ പലവഴിയ്ക്ക് സഞ്ചരിച്ചത് പ്രശ്‌നം രൂക്ഷമാക്കി. ഇവരുടെ സഞ്ചാരപാത കണ്ടെത്താന്‍ ഞങ്ങള്‍ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.’, ഡോക്ടര്‍ അമര്‍ പറഞ്ഞു.

ആളുകളെ ജാഗരൂകരാക്കാന്‍ ഇത് സഹായിക്കുമെന്നും ഡോക്ടര്‍ അമര്‍ കൂട്ടിച്ചേര്‍ത്തു.

കേരളം ഒരുപാട് എന്‍.ആര്‍.ഐകളുള്ള സംസ്ഥാനമാണെന്നിരിക്കെ വൈറസ് ബാധ കൂടുമെന്ന് സംശയിക്കുന്നുണ്ടോ അങ്ങനെയെങ്കില്‍ പ്രതിരോധത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് രജ്ദീപ് സര്‍ദേശായി ചോദിച്ചു.

അതാണ് ഞങ്ങളുടെ പരമമായ ലക്ഷ്യം എന്നായിരുന്നു ഡോക്ടര്‍ ഫെട്ടില്‍ മറുപടി പറഞ്ഞത്.

‘അതിനായി ഞങ്ങള്‍ ഓരോനിമിഷവും പ്രവര്‍ത്തിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചിട്ടു, സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല, യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു. എയര്‍പോര്‍ട്ടില്‍ 100 ശതമാനം പരിശോധന നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. സഹായങ്ങള്‍ക്കായി ദിശ ഹെല്‍പ്പ്‌ലൈന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.’ അമര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് കേരളം ചിന്തിക്കുന്നത് പോലെ നാളെ ഇന്ത്യ മുഴുവന്‍ ചിന്തിക്കട്ടെ എന്ന് പറഞ്ഞായിരുന്നു രജ്ദീപ് സര്‍ദേശായി ചര്‍ച്ച അവസാനിപ്പിച്ചത്.

നേരത്തെ നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതില്‍ കേരളം മികച്ച മാതൃകയാണെന്ന് ബി.ബി.സിയും അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് 19 വൈറസിനെ സംബന്ധിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ച് അവതാരകയും പാനലിസ്റ്റും സംസാരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈനീസ് മാധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ അവതാരക ദേവിന ഗുപ്തയാണ് വൈറസ് രോഗങ്ങളെ കേരളം നേരിട്ടത് ചൂണ്ടിക്കാണിച്ചത്.

‘കേരളത്തില്‍ മൂന്ന് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അവര്‍ക്ക് രോഗം ഭേദമായി. നിപ, സിക വൈറസുകള്‍ക്കെതിരെയും കേരളം പോരാടുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തു’, ദേവിന ഗുപ്ത ചുണ്ടിക്കാണിച്ചു. ഈ മാതൃകകളില്‍ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള ദേവിനയുടെ ചോദ്യം.

പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടര്‍ ഷഹീദ് ജമീലാണ് ഇതിന് മറുപടി നല്‍കിയത്. ആരോഗ്യ മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഷഹീദ് ജമീല്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

‘ആശുപത്രികള്‍ മാത്രമല്ല, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍. അതാണ് ജനങ്ങള്‍ ആദ്യം എത്തുന്ന ഇടം. ഒരുവശത്ത് അവ നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരു വശത്ത് രോഗനിര്‍ണയം വളരെ ഫലപ്രദമായി ചെയ്യുന്നു. ഈ വൈറസുകളെയും അതിന്റെ വ്യാപനത്തെയും അവര്‍ മികച്ച രീതയില്‍ പിന്തുടരുന്നു’, ഡോ. ഷാഹിദ് ജമാല്‍ ചൂണ്ടിക്കാണിച്ചു.

‘കൊറോണ വൈറസ്: ദി ഹിഡന്‍ ഇംപാക്ട്’ എന്ന പേരിലാണ് ചര്‍ച്ച സംഘടിപ്പിച്ചത്. കൊറോണ വൈറസിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more