ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തകര്‍ച്ച പ്രഖ്യാപിച്ച ഇന്ത്യാ ടുഡേ ‘എക്‌സിറ്റ് പോളി’നെതിരെ റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി. ചര്‍ച്ചയ്ക്കിടെ ഇന്ത്യാ ടുഡേ ചാനലിന്റെ പേരു പരാമര്‍ശിക്കാതെയായിരുന്നു അര്‍ണബിന്റെ വിമര്‍ശനം.
എക്‌സിറ്റ് പോള്‍ എന്ന പേരില്‍ പുറത്തായ റിപ്പോര്‍ട്ട് വ്യാജ വാര്‍ത്തയാണ്, വ്യാജമായ പോളാണെന്നാണ് അര്‍ണബ് പറഞ്ഞത്.
’59 ലോക്‌സഭാ മണ്ഡലങ്ങള്‍ ഇനിയും വോട്ടു ചെയ്യാനുണ്ടെന്നിരിക്കെ, എക്‌സിറ്റ് പോള്‍ ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് തൂക്കുസഭയുണ്ടാകുമെന്നാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വ്യാജ പോളല്ലേ, വ്യാജ ചാനലുകള്‍ പ്ലാന്റു ചെയ്യുന്ന വ്യാജ വാര്‍ത്തയല്ലേ.’ എന്നും അര്‍ണബ് ചോദിക്കുന്നു.
മെയ് 19ന് പുറത്തുവരുമെന്നറിയിച്ച എക്‌സിറ്റ് പോളിലെ ചെറിയ ഭാഗങ്ങള്‍ ലീക്കായെന്ന തരത്തിലായിരുന്നു ഇന്ത്യാ ടുഡേയുടെ വീഡിയോ പ്രചരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തകര്‍ച്ച പ്രവചിക്കുന്നതായിരുന്നു വീഡിയോ. ബി.ജെ.പിക്ക് 200ല്‍ താഴെ സീറ്റുകളായിരുന്നു പ്രവചിച്ചിരുന്നത്.