തിരുവനന്തപുരം: ആരോഗ്യ രംഗത്തും ടൂറിസം രംഗത്തും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്. പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 183.8 സ്‌കോര്‍ നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.
ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനുള്ള ചെലവുകള്‍ കൂടാതെ, കുറഞ്ഞ ശിശുമരണ നിരക്ക് (IMR), കുറഞ്ഞ മാതൃമരണ നിരക്ക്(MMR), ഒരു ലക്ഷം പേര്‍ക്ക് എന്ന കണക്കില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരും സര്‍ക്കാര്‍ ആശുപത്രികളും, ശരാശരി രോഗികള്‍, സേവനമനുഷ്ഠിക്കുന്നവരുടെ എണ്ണം, ഓരോ സര്‍ക്കാര്‍ ആശുപത്രിയിലേയും കിടക്കകള്‍, ആയുര്‍ദൈര്‍ഘ്യം എന്നിങ്ങനെയുള്ള വിവിധ പാരാമീറ്ററുകള്‍ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെ വിലയിരുത്തിയത്.
കൊവിഡാനന്തര ടൂറിസത്തില്‍ സംസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളത്തിന് അവാര്‍ഡ്. 90.5 പോയിന്റുമായാണ് കേരളം അവാര്‍ഡിന് അര്‍ഹമായത്.
കാരവാന്‍ ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അവാര്‍ഡിന് പരിഗണിച്ചു. നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് ടൂറിസം മേഖലയില്‍ കേരളത്തിന് മുന്നേറ്റം ഉണ്ടാക്കാനായി എന്നും വിലയിരുത്തി.
ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് തുടങ്ങിയ നവീനമായ പദ്ധതികള്‍ മികച്ച ചുവടുവെപ്പുകളായി വിശേഷിപ്പിച്ചാണ് കേരളത്തെ ടൂറിസം അവാര്‍ഡിന് തെരഞ്ഞെടുത്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി: വീണ ജോര്‍ജ്
ഈ നേട്ടത്തിലേക്കെത്തുന്നതിനായി പ്രയത്‌നിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ആരോഗ്യ ചെലവ് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം തുക ചെലവഴിച്ച് ആരോഗ്യ പരിരക്ഷാ ശൃംഖല സൃഷ്ടിച്ച് ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വലിയ സംസ്ഥാനമായി കേരളം ഉയര്‍ന്നതിനാണ് അംഗീകാരം ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പ്രചോദനം: മുഹമ്മദ് റിയാസ്
ടൂറിസത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ് ഇന്ത്യ ടുഡേ അവാര്‍ഡെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകും വിധം ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇത്തരം പുരസ്‌കാരങ്ങള്‍ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: India Today Award for the state with best performance in the field of health and tourism for Kerala