ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം; പാകിസ്ഥാന്റെ ദേശീയ ദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ
national news
ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം; പാകിസ്ഥാന്റെ ദേശീയ ദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd March 2019, 8:35 am

ന്യൂദല്‍ഹി: പാകിസ്ഥാന്‍ ഹൈ കമ്മീഷന്റെ ദേശീയ ദിന ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

പാകിസ്ഥാന്‍ ദേശീയ ദിനം ആഘോഷിക്കുന്നത് മാര്‍ച്ച് 23നാണ്. എന്നാല്‍ ദല്‍ഹിയിലുള്ള ഹൈക്കമ്മീഷന്റെ ചടങ്ങ് മാര്‍ച്ച് 22നാണ്. “പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഹുറിയത്ത് നേതാക്കളെ പരിപാടിയില്‍ ക്ഷണിച്ചതിനാല്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് ഉന്നതതല തീരുമാനം”- കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും ഹുറിയത്ത് നേതാക്കളെ ചടങ്ങില്‍ ക്ഷണിക്കുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് എന്‍.ഡി.എ സര്‍ക്കാര്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

Also Read രണ്ട് കോടി യാത്രക്കാരെ സ്വന്തമാക്കി കൊച്ചി മെട്രോ; ആഘോഷം ഇന്ന് വൈകിട്ട് ഇടപ്പള്ളിയിൽ

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം വഷളയതാണ് കേന്ദ്ര നേതൃത്വത്തെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നിരീക്ഷണം.

2015ല്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങ്, അടുത്ത വര്‍ഷങ്ങളിലായി പ്രകാശ് ജാവദേക്കര്‍, എം.ജെ അക്ബര്‍, ഗജേന്ദ്ര സിങ്ങ് ശെഖാവത്ത് എന്നിവരായിരുന്നു പാകിസ്ഥാന്റെ ദേശീയ ദിനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍.