ന്യൂദല്‍ഹി: രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ അമേരിക്കയില്‍ നിന്നും അതിനൂതന സാങ്കേതിക സംവിധാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ അതിനൂതനമായ രണ്ട് മിസൈല്‍ സംവിധാനങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്ക തീരുമാനിച്ചതായി അമേരിക്കയുടെ ഡിഫന്‍സ് സെക്യൂരിട്ടി കോപറേഷന്‍ ഏജന്‍സി അറിയിച്ചു.
190 മില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 13.57 ലക്ഷം കോടി) സാങ്കേതിക സംവിധാനമാണ് ഇന്ത്യക്ക് കൈമാറുന്നതെന്ന് ഏജന്‍സി യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചു.
ഇന്ത്യയുടെ പ്രതിരോധം ശക്തമാക്കാനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഈ കൈമാറ്റം സഹായിക്കുമെന്ന് ഏജന്‍സി പറഞ്ഞു. ദക്ഷിണേഷ്യന്‍ പ്രദേശത്തെ സ്ഥിരതയ്ക്കും, സമാധാനത്തിനും, സാമ്പത്തിക ഉന്നമനത്തിനും സഹായിക്കുന്ന പ്രധാനപ്പെട്ട ശക്തിയായാണ് ഇന്ത്യയെ ഏജന്‍സി വിശേഷിപ്പിക്കുന്നത്.
പുതിയ പ്രതിരോധ സംവിധാനം മിസൈല്‍ ആക്രമണ ഭീഷണിയുള്ള സ്ഥലങ്ങളില്‍ വിമാനങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ സുരക്ഷ ഉറപ്പു നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
പുതിയ സംവിധാനം അപായ സൂചനകള്‍ കൂടുതല്‍ കൃത്യമായും നേരത്തേയും ലഭിക്കുമെന്നതിനു, തെറ്റായ സൂചനകള്‍ കുറയ്ക്കുന്നതിനും മധ്യദൂര മിസൈലുകളെ ഫലപ്രദമായി തടയുന്നതിനും സഹായിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.