| Thursday, 11th November 2021, 8:28 pm

ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പിന് വീണ്ടും വേദിയാവാന്‍ ഇന്ത്യയൊരുങ്ങുന്നു. 2023ലും 2031ലും നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ത്യ വേദിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2030കളിലെ ആദ്യ ലോകകപ്പാണ് ഇന്ത്യയില്‍ വെച്ച് നടക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച രേഖകള്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയ്ക്ക് (ബി.സി.സി.ഐ) ഉടന്‍ കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2024 മുതല്‍ 2031 വരെയുള്ള ഗ്ലോബല്‍ ടൂര്‍ണമെന്റുകളുടെ ഷെഡ്യൂള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) നേരത്തെ അറിയിച്ചിരുന്നു. 2024ല്‍ നടക്കുന്ന ഐ.സി.സി ടി-20 ലോകകപ്പോടെയാണ് പുതിയ ടൂര്‍ണമെന്റ് ഷെഡ്യൂളിന് തുടക്കമാവുന്നത്.

2024 ടി-20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിരല്‍ചൂണ്ടുന്നത്. 20 ടീമുകളെ ഉള്‍ക്കൊള്ളിച്ചാണ് 2024 ലോകകപ്പ് നടക്കുന്നത്.

2027ലും 2031ലും നടക്കുന്ന ഐ.സി.സി ലോകകപ്പിലും ടീമുകളുടെ എണ്ണം വര്‍ധിക്കും. 14 ടീമുകളാവും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. നിലവില്‍ 10 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി-20 ലോകകപ്പ് ഇന്ത്യയില്‍ വെച്ച് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം മത്സരം യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ബി.സി.സി.ഐ തന്നെയാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍.

ഐ.സി.സി ടി-20ലോകകപ്പിന്റെ ആറാം പതിപ്പ് ഇന്ത്യയില്‍ വെച്ചായിരുന്നു നടന്നിരുന്നത്. ആ സീസണില്‍ വെസ്റ്റ് ഇന്‍ഡിസായിരുന്നു കിരീടം ചൂടിയിരുന്നത്.

ഇതിന് മുന്‍പ് ഇന്ത്യ വിശ്വവിജയികളായ 2011 ലോകകപ്പാണ് ഇന്ത്യയില്‍ നടന്നത്. ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോകകപ്പിന് വേദിയായത്. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: India to Host ICC World Cup

We use cookies to give you the best possible experience. Learn more