2022ഓടെ 70 സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഇന്ത്യ സ്വന്തമാക്കും
Big Buy
2022ഓടെ 70 സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഇന്ത്യ സ്വന്തമാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th May 2015, 3:11 pm

super-computers

ന്യൂദല്‍ഹി:  വിവിധ മേഖലകളിലെ ഉന്നത ഗവേഷണങ്ങള്‍ക്ക് സഹായകരമാവുന്നതിന് വേണ്ടി 2022ഓടെ 70 സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഇന്ത്യക്ക് സ്വന്തമാകും. സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ പ്രതിരോധ രംഗം, കാലാവസ്ഥ തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്തിന് പുരോഗതി കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കമ്പ്യൂട്ടറുകള്‍ക്ക് .5 പെറ്റാഫ്‌ളോപ്പ് മുതല്‍ 20 പെറ്റാഫ്‌ളോപ്പ് വരെ വേഗതയുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ വേഗത 50 പെറ്റാഫ്‌ളോപ്പ് വരെ ഉയരുകയും ചെയ്‌തേക്കാം. സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ വേഗത അളക്കുന്ന യൂണിറ്റാണ് ഫ്‌ലോപ്‌സ് “FLOPS”. (FLoating Point Operations Per Second). ലോകത്തെ ഏറ്റവും മികച്ച സൂപ്പര്‍ കമ്പ്യൂട്ടറായ ചൈനയുടെ ടിയാന്‍ഹെ-2 വിന്റെ പ്രവര്‍ത്തനശേഷി 33.86 പെറ്റാ ഫ്‌ലോപ്‌സ ആണ്.

4,500 കോടി രൂപയാണ് പദ്ധതിയുടെ തുടക്കത്തില്‍ ചിലവ് പ്രതീക്ഷിക്കുന്നത്. ശാസ്ത്ര വകുപ്പിന്റെയും വിവര സാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെയാണ് സര്‍ക്കാര്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കുന്നത്.

ഏഴ് വര്‍ഷത്തിനുള്ളില്‍ 2022ഓടെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങള്‍ക്കും സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ സേവനം ലഭ്യമാകും.