പാകിസ്ഥാനുമായുള്ള കര്‍താര്‍പൂര്‍ ഇടനാഴി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യ
India- Pakistan Talks
പാകിസ്ഥാനുമായുള്ള കര്‍താര്‍പൂര്‍ ഇടനാഴി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th February 2019, 8:27 pm

ന്യൂദല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴി പദ്ധതി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 14ന് പാകിസ്ഥാനുമായി നടത്തേണ്ട ചര്‍ച്ചയുമായി മുന്നോട്ടു പോകുമെന്ന് ഇന്ത്യ. ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്ന പാക് സംഘത്തെ ഇന്ത്യ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെയും തുടര്‍ന്ന് ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയുടെയും പശ്ചാത്തലത്തില്‍ നിര്‍ണ്ണായകമാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള നിരവധി സിഖ് തീര്‍ത്ഥാടകരുടെ ആവശ്യമാണ് കര്‍താര്‍പൂര്‍ ഇടനാഴിയുടെ പൂര്‍ത്തീകരണം.

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നും പാകിസ്താനിലെ പ്രശസ്തമായ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് പാത പണിയണമെന്ന് സിഖ് വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഗുരുനാനാക്ക് 18 വര്‍ഷത്തോളം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന സ്ഥലമാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാര.

അമൃത്സറിലെ സുവര്‍ണ ക്ഷേത്രം കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടരക്കോടിയോളം വരുന്ന സിഖുമതവിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര.