ഇന്ത്യ – ഓസ്‌ട്രേലിയ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ടീമിനൊപ്പം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
താരത്തിന്റെ വര്‍ക് ലോഡ് മാനേജ് ചെയ്യുന്നതിന് വേണ്ടിയാണ് മൂന്നാം മത്സരത്തില്‍ താരത്തിന് വിശ്രമം അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പകരക്കാരനായി വെറ്ററന്‍ പേസര്‍ ഉമേഷ് യാദവ് ടീമിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്‍ഡോറില്‍ വെച്ച് നടക്കുന്ന മൂന്നാം ടെസ്റ്റില്‍ പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുവന്ന മണ്ണുപയോഗിച്ചാണ് പിച്ച് ഒരുക്കിയതെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്. പേസിനെയും ബൗണ്‍സിനെയും പിച്ച് കാര്യമായി തുണച്ചേക്കും.
ഈ സാഹചര്യത്തില്‍ ഷമിക്ക് വിശ്രമം അനുവദിച്ചത് ആരാധകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ താരത്തെ റീപ്ലേസ് ചെയ്യാന്‍ കൃത്യമായ ഓപ്ഷന്‍സ് ഇന്ത്യക്കുള്ളതിനാല്‍ കാര്യമായ ആശങ്കള്‍ വേണ്ടെന്നും ഒരുകൂട്ടം ആരാധകര്‍ വ്യക്തമാക്കുന്നു.
ഷമിക്ക് പുറമെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ്, വെറ്ററന്‍ പേസര്‍ ഉമേഷ് യാദവ്, സൗരാഷ്ട്രയെ രഞ്ജി കിരീടം ചൂടിച്ച ജയദേവ് ഉനദ്കട് എന്നിവാണ് ടീമിനൊപ്പമുള്ളത്.
പരമ്പരയിലെ രണ്ട് മത്സരത്തില്‍ നിന്നും 29.7 ഓവറാണ് ഷമി പന്തെറിഞ്ഞിട്ടുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കുന്തമുനയായി മാറേണ്ട താരത്തിന് വേണ്ടത്ര വിശ്രം നല്‍കാനാണ് മാനേജ്‌മെന്റ് പദ്ധതിയിടുന്നത്.
അതേസമയം, പരമ്പരയില്‍ മോശം ഫോമില്‍ തുടരുന്ന കെ.എല്‍. രാഹുലിന് മൂന്നാം മത്സരത്തില്‍ അവസരം നഷ്ടമായേക്കും. രാഹുലിന് പകരക്കാരനായി ശുഭ്മന്‍ ഗില്ലിനെ പരിഗണിക്കാനാണ് ബോര്‍ഡ് ഒരുങ്ങുന്നത്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റിലെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും വെറും 38 റണ്‍സ് മാത്രമാണ് രാഹുലിന് നേടാന്‍ സാധിച്ചിട്ടുള്ളത്. രാഹുലിന്റെ മോശം ഫോമില്‍ ആരാധകരെല്ലാം തന്നെ നിരന്തരമായി വിമര്‍ശനങ്ങളുമുര്‍ത്തുകയാണ്.
എന്നാല്‍ ഗില്ലാകട്ടെ മികച്ച ഫോമിലാണ് തുടരുന്നതും. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ കന്നി ടെസ്റ്റ് സെഞ്ച്വറി തികച്ചുകൊണ്ടായിരുന്നു ഗില്‍ റെഡ് ബോള്‍ ഫോര്‍മാറ്റിലേക്കുള്ള തന്റെ വരവറിയിച്ചത്.