തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ സെമി ഫൈനലില്‍ പ്രവേശിക്കുകയും ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിന് പരാജയപ്പെടുത്തിയുമാണ് ഇന്ത്യ ലോകകപ്പ് ക്യാംപെയ്ന്‍ ആഘോഷമാക്കുന്നത്.
തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടമുയര്‍ത്താന്‍ ഒറ്റ വിജയം മാത്രമാണ് രോഹിത്തിനും സംഘത്തിനും ആവശ്യമുള്ളത്. 2013ന് ശേഷം ആദ്യമായി ഒരു കിരീടം തങ്ങളുടെ മണ്ണിലെത്തിക്കാനുള്ള അവസരവും ഇതോടെ ഇന്ത്യക്ക് കൈവന്നിരിക്കുകയാണ്.
ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാല്‍ ഒരു അത്യപൂര്‍വ നേട്ടവും ഇന്ത്യയെ തേടിയെത്തും. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ കിരീടമണിയുന്ന നാലാം ടീം എന്ന നേട്ടമാണ് ഇന്ത്യയെ തേടിയെത്തുക.
വെസ്റ്റ് ഇന്‍ഡീസാണ് ഈ നേട്ടം ആദ്യമായി കൈവരിച്ച ടീം. ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തില്‍ ബിഗ് ഇവന്റിനിറങ്ങിയ വിന്‍ഡീസ് 1975, 1979 ലോകകപ്പുകളില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് കിരീടമണിഞ്ഞത്.
1975ല്‍ ഓസ്‌ട്രേലിയയെയും പാകിസ്ഥാനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് കരീബിയന്‍സ് സെമി ഫൈനലിന് യോഗ്യത നേടിയത്. സെമിയില്‍ ന്യൂസിലാന്‍ഡിനെയും ഫൈനലില്‍ ഓസ്‌ട്രേലിയയെും പരാജയപ്പെടുത്തിയ വിന്‍ഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകചാമ്പ്യന്‍മാരാവുകയായിരുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീന്‍ഡീസ് ഈ നേട്ടം വീണ്ടും ആവര്‍ത്തിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡിനെയും ഇന്ത്യയെയും പരാജയപ്പെടുത്തിയപ്പോള്‍ ശ്രീലങ്കക്കെതിരായ മത്സരം ഫലമില്ലാതെ പിരിഞ്ഞു. സെമിയില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ലോയ്ഡിന്റെ ചെകുത്താന്‍മാര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം തവണയും ലോകത്തിന്റെ നെറുകയിലെത്തി.
17 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജുന രണതുംഗയുടെ നേതൃത്വത്തിലിറങ്ങിയ ലങ്കന്‍ ലയണ്‍സ് അപരാജിതരായാണ് ലോകകപ്പുയര്‍ത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയ, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് സിംബാബ്‌വേ, കെനിയ എന്നിവരെ പരാജയപ്പെടുത്തി മുമ്പോട്ട് കുതിച്ച ലങ്ക, ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെയും സെമിയില്‍ ഇന്ത്യയെയും പരാജയപ്പെടുത്തി.
തങ്ങളുടെ മണ്ണിലെത്തി മത്സരം കളിക്കില്ല എന്ന് വാശിപിടിച്ച ഓസ്‌ട്രേലിയയായിരുന്നു ഫൈനലില്‍ ലങ്കയുടെ എതിരാളികള്‍. പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തി രണതുംഗ ലങ്കയെ ആദ്യ കിരീടം ചൂടിക്കുകയായിരുന്നു.
1999, 2003, 2007 വര്‍ഷങ്ങളില്‍ കപ്പുയര്‍ത്തി ഹാട്രിക് പൂര്‍ത്തിയാക്കിയ ഓസീസ് 2003ലും 2007ലും അപരാജിതരായാണ് കപ്പുയര്‍ത്തിയത്. 2003ല്‍ ഇന്ത്യ, സിംബാബ്‌വേ, നമീബിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ് എന്നിവരെ പരാജയപ്പെടുത്തിയ ഓസീസ് സൂപ്പര്‍ സിക്‌സില്‍ ശ്രീലങ്കയെയും ന്യൂസിലാന്‍ഡിനെയും കെനിയയെയും പരാജയപ്പെടുത്തി.
സെമിയില്‍ ലങ്കയെ തറപറ്റിച്ച ഓസ്‌ട്രേലിയ ഫൈനില്‍ ഇന്ത്യയെ തോല്‍പിച്ച് മൂന്നാം കിരീടം ചൂടി.
1979ലെ വെസ്റ്റ് ഇന്‍ഡീസിനെ പോലെ ഓസീസ് ഈ നേട്ടം വീണ്ടും ആവര്‍ത്തിച്ചു. സൗത്ത് ആഫ്രിക്ക, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്‌ലാന്‍ഡ് എന്നിവരെ ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെടുത്തിയപ്പോള്‍ സൂപ്പര്‍ 8ല്‍ ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരെയും കങ്കാരുക്കള്‍ പരാജയപ്പെടുത്തി.
സെമിയില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയ ഓസീസ് ഫൈനലില്‍ ശ്രീലങ്കയെയും തോല്‍പിച്ചു.
വനിതാ ക്രിക്കറ്റില്‍ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഓസ്‌ട്രേലിയ ഈ നേട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. 1978, 1982, 1997, 2005, 2022 എന്നീ ലോകകപ്പുകളിലാണ് ഓസീസ് ഈ നേട്ടം കൈവരിച്ചത്.
Content highlight: India to be the fourth team to win the title without losing a single match