കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ആദ്യം ഒന്ന് പതറിയെങ്കിലും മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ ജയം അനായാസമായി.
തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ദിനേഷ് കാര്‍ത്തിക്കാണ് കരക്കെത്തിച്ചത്. 34 പന്തുകളില്‍ നിന്ന് 31 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്ക് തന്നെയാണ് ടീമിന്റെ ടോപ്പ് സ്‌കോറര്‍.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (ആറ് പന്തില്‍ ആറ്), ശിഖര്‍ ധവാന്‍ (എട്ട് പന്തില്‍ മൂന്ന്), റിഷഭ് പന്ത് (നാല് പന്തില്‍ ഒന്ന്), കെ.എല്‍.രാഹുല്‍ (22 പന്തില്‍ 16) തുടങ്ങി മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം കാര്യമായ പ്രകടനം പുറത്തെടുക്കാതെ പുറത്താവുകായിരുന്നു.
ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനേ സാധിച്ചുള്ളു. കുല്‍ദീപ് യാദവ് ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. 20 പന്തില്‍ 27 റണ്‍സെടുത്ത ഫാബിയന്‍ അലനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.
ഡെനേഷ് രാംദിന്‍ (അഞ്ച് പന്തില്‍ രണ്ട്), ഷായ് ഹോപ് (10 പന്തില്‍ 14), ഷിമ്രോന്‍ ഹെയ്റ്റ്മര്‍ (ഏഴ് പന്തില്‍ പത്ത്), കീറോണ്‍ പൊള്ളാര്‍ഡ് (26 പന്തില്‍ 14), ബ്രാവോ (പത്ത് പന്തില്‍ അഞ്ച്), റോവ്മന്‍ പവല്‍ (13 പന്തില്‍ നാല്), ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് (11 പന്തില്‍ നാല്) എന്നിങ്ങനെയാണ് പുറത്തായ മറ്റു വിന്‍ഡീസ് താരങ്ങളുടെ പ്രകടനങ്ങള്‍. 15 റണ്‍സുമായി കീമ പോളും ഒന്‍പത് റണ്‍സുമായി ഖാരി പിയറിയും പുറത്താകാതെ നിന്നു. ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു.