| Wednesday, 9th February 2022, 9:08 pm

ഹിജാബ് ധരിക്കരുതെന്ന് പറയാന്‍ ഈ രാജ്യവും രാജ്യത്തിന്റെ ഭരണ ഘടനയും ഉണ്ടാക്കിയത് ആര്‍.എസ്.എസ് അല്ല: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യയെ പാകിസ്ഥാനെ പോലൊരു മതരാഷ്ട്രമാക്കി അധപതിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലെ സംഘര്‍ഷം രാജ്യത്തിനൊന്നടങ്കം അപമാനമാണെന്നും കെ. സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വസ്ത്രധാരണത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി മതവിദ്വേഷം പടര്‍ത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.

സ്‌കൂള്‍ യൂണിഫോമിനൊപ്പം മതവിശ്വാസത്തിന്റെ ഭാഗമായ ഹിജാബ് ധരിക്കരുതെന്ന് പറയാന്‍ ഈ രാജ്യവും രാജ്യത്തിന്റെ ഭരണ ഘടനയും ഉണ്ടാക്കിയത് ആര്‍.എസ്.എസ് അല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ചിന്തയുടെ അടിസ്ഥാനത്തിലാണ് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വിവിധ സംസ്‌കാരങ്ങളെ, ചിന്തകളെ, മതങ്ങളെ, ജാതികളെ ഒരു മാലയിലെ മുത്തുകള്‍ പോലെ കൊരുത്തെടുത്ത് കോണ്‍ഗ്രസ് കരുത്തുറ്റ ഈ മഹാരാജ്യത്തെ സൃഷ്ടിച്ചത്. ജാതിമത ചിന്തകള്‍ക്കതീതമായി ഇന്ത്യ എന്ന വികാരത്തെ ഊട്ടിയുറപ്പിക്കാനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും ശ്രമിച്ചതെന്ന് കെ. സുധാകരന്‍ പറയുന്നു.

വെറും ഒരു പതിറ്റാണ്ട് കൊണ്ട് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ തെരുവുകളെ സംഘര്‍ഷഭരിതമാക്കുന്ന, മതവെറി തലച്ചോറില്‍ പേറുന്ന വലിയൊരു വിഭാഗം തീവ്രവാദികളെ ബി.ജെ.പി ഭരണകൂടം രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നു. ജയ് ശ്രീറാം എന്നും അല്ലാഹു അക്ബര്‍ എന്നുമുള്ള മന്ത്രധ്വനികളെ പോര്‍വിളികളാക്കി മാറ്റി ഈ മണ്ണിന്റെ മക്കള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മുറിവേല്‍ക്കുന്നത് ഭാരതത്തിന്റെ ഹൃദയത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉള്ളിടത്തോളം കാലം ഈ രാജ്യത്ത് എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടും. മതകലാപങ്ങള്‍ സൃഷ്ടിച്ച് അധികാരം നിലനിര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങളെ എന്തു വില കൊടുത്തും ഞങ്ങള്‍ തടഞ്ഞിരിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ആറ് പെണ്‍കുട്ടികള്‍ നടത്തിയ പ്രതിഷേധത്തില്‍ ആരംഭിച്ചത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാണ്ഡ്യ, ശിവമോഗ എന്നിവയുള്‍പ്പെടെ നിരവധി കോളേജുകളില്‍ പ്രതിഷേധമായി മാറി.

ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജിലെ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ അവരോട് പുറത്ത് പോകാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളേജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.

ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്.

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യയെ പാകിസ്ഥാനെ പോലൊരു മതരാഷ്ട്രമാക്കി അധ:പതിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുകയാണ്. കര്‍ണാടകയിലെ ‘ഹിജാബ് ‘ വിഷയത്തിലെ സംഘര്‍ഷം രാജ്യത്തിനൊന്നടങ്കം അപമാനമാണ്. വസ്ത്രധാരണത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി മതവിദ്വേഷം പടര്‍ത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുകയാണ്. സ്‌കൂള്‍ യൂണിഫോമിനൊപ്പം മതവിശ്വാസത്തിന്റെ ഭാഗമായ ‘ഹിജാബ്’ (ശിരോവസ്ത്രം) ധരിക്കരുതെന്ന് പറയാന്‍ ഈ രാജ്യവും രാജ്യത്തിന്റെ ഭരണ ഘടനയും ഉണ്ടാക്കിയത് ആര്‍.എസ്.എസ് അല്ല.

‘നാനാത്വത്തില്‍ ഏകത്വം’ എന്ന മഹത്തായ ചിന്തയുടെ അടിസ്ഥാനത്തിലാണ് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വിവിധ സംസ്‌കാരങ്ങളെ, ചിന്തകളെ, മതങ്ങളെ ,ജാതികളെ ഒരു മാലയിലെ മുത്തുകള്‍ പോലെ കൊരുത്തെടുത്ത് കോണ്‍ഗ്രസ് കരുത്തുറ്റ ഈ മഹാരാജ്യത്തെ സൃഷ്ടിച്ചത്. ജാതിമത ചിന്തകള്‍ക്കതീതമായി ഇന്ത്യ എന്ന വികാരത്തെ ഊട്ടിയുറപ്പിക്കാനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും ശ്രമിച്ചത്.

വെറും ഒരു പതിറ്റാണ്ട് കൊണ്ട് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ തെരുവുകളെ സംഘര്‍ഷഭരിതമാക്കുന്ന, മതവെറി തലച്ചോറില്‍ പേറുന്ന വലിയൊരു വിഭാഗം തീവ്രവാദികളെ ബി.ജെ.പി ഭരണകൂടം രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നു. ‘ജയ് ശ്രീറാം ‘ എന്നും ‘അല്ലാഹു അക്ബര്‍ ‘ എന്നുമുള്ള മന്ത്രധ്വനികളെ പോര്‍വിളികളാക്കി മാറ്റി ഈ മണ്ണിന്റെ മക്കള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മുറിവേല്‍ക്കുന്നത് ഭാരതത്തിന്റെ ഹൃദയത്തിനാണ്. ഇങ്ങനൊരിന്ത്യയ്ക്ക് വേണ്ടിയല്ല ഗാന്ധിജിയും പട്ടേലും നെഹ്‌റുവും ആസാദും നേതാജിയും അടക്കം മഹാരഥന്‍മാരായ നേതാക്കള്‍ ജീവനും ജീവിതവും കൊണ്ട് പോരാടിയത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉള്ളിടത്തോളം കാലം ഈ രാജ്യത്ത് എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടും. മതകലാപങ്ങള്‍ സൃഷ്ടിച്ച് അധികാരം നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ എന്തു വില കൊടുത്തും ഞങ്ങള്‍ തടഞ്ഞിരിക്കും.


Content Highlights: India, the country is not created by RSS  to tell people not to wear the hijab: K. Sudhakaran

We use cookies to give you the best possible experience. Learn more