മുംബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തോറ്റെങ്കിലും ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. നാലാം സ്ഥാനത്തുള്ള പാക്കിസ്ഥാനെക്കാള്‍ നാല് പോയിന്റ് പിന്നിലാണ് 105 പോയിന്റോടെ ഇന്ത്യ. []
123 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് പോയിന്റ് പിന്നിലായി ഇംഗ്ലണ്ട് രണ്ടാമത്. ഓസ്‌ട്രേലിയയ്ക്കാണ് മൂന്നാം സ്ഥാനം.
ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യയെ തറപറ്റിച്ചതോടെ 28 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ പരമ്പര നേടുന്നത്. ഡേവിഡ് ഗവര്‍ നയിച്ച ഇംഗ്ലണ്ട് ടീം 1984-85ലായിരുന്നു ഇന്ത്യയില്‍ പരമ്പര നേടിയത്.
ജൊനാഥന്‍ ട്രോട്ട് (143), ഇയാന്‍ ബെല്‍ (പുറത്താകാതെ 116) എന്നിവരുടെ സെഞ്ചുറിയുടെ കരുത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങും മുന്‍പേ മല്‍സരം സമനിലയിലെത്തി.
രാവിലെ തന്നെ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ സ്വന്തമാക്കിയാലേ അപൂര്‍വ വിജയത്തിനും പരമ്പരയുടെ സമനിലയ്ക്കും ശ്രമിക്കാനുള്ള അവസരം ഇന്ത്യയ്ക്കു സ്വന്തമാകുമായിരുന്നുള്ളു.
എന്നാല്‍ ട്രോട്ടും ബെല്ലും ചേര്‍ന്ന സഖ്യം കരുതലോടെയും ലക്ഷ്യബോധത്തോടെയും ബാറ്റു വീശിയപ്പോള്‍ 28 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ ഇംഗ്ലണ്ട് പരമ്പര വിജയം സ്വന്തമാക്കി.