ഇസ്രഈല്‍ ഇറാന്‍ സംഘര്‍ഷം; ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് താത്കാലികമായി നിര്‍ത്തി വെച്ച് എയര്‍ ഇന്ത്യ
national news
ഇസ്രഈല്‍ ഇറാന്‍ സംഘര്‍ഷം; ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് താത്കാലികമായി നിര്‍ത്തി വെച്ച് എയര്‍ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th April 2024, 10:09 pm

ന്യൂദല്‍ഹി: വര്‍ധിച്ച് വരുന്ന ഇസ്രഈല്‍ ഇറാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് താത്കാലികമായി നിര്‍ത്തി വെച്ച് ഇന്ത്യ. ദല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.

ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷവും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച അര്‍ധ രാത്രിയോടെ 300ലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രഈലിനെ ഇറാന്‍ ആക്രമിച്ചിരുന്നു.

ഇതിന് തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇസ്രഈലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലയാണ് വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതായി ഇന്ത്യ അറിയിച്ചത്. അതേസമയം, ഇറാൻ പിടിച്ചെടുത്ത ഇസ്രഈൽ ഉടമസ്ഥതയിലുള്ള കപ്പലിൽ ഉണ്ടായിരുന്ന നാല് മലയാളികളുൾപ്പടെ 17 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. 185 ഡ്രോണുകളും 146 മിസൈലുകളുമാണ് അഞ്ച് മണിക്കൂറോളം നീണ്ട ആക്രമണത്തിൽ ഇസ്രഈലിനെതിരെ ഇറാൻ തൊടുത്തുവിട്ടത്.

ഞായറാഴ്ച അർധരാത്രി മുതൽ പുലർച്ചെ വരെ തെൽഅവീവ് ഉൾപ്പടെ ഇസ്രഈലിലെ പ്രധാന നഗരങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി. ആളപായം ഉണ്ടായില്ലെങ്കിലും സുരക്ഷതേടി ഓടുന്നതിനിടെ 31 പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ ഇസ്രഈലിന്റെ രണ്ട് സൈനിക കേന്ദ്രങ്ങൾ തകർക്കാൻ സാധിച്ചെന്നും ഇറാന്റെ സൈനിക മേധാവി പറഞ്ഞു. മിസൈലുകൾ പതിച്ചതായി ഇസ്രഈലും സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം മിസൈലുകളും വ്യോമാതിർത്തിക്ക് അപ്പുറത്ത് വെച്ച് തകർക്കാൻ സാധിച്ചെന്നും ഇസ്രഈൽ അവകാശപ്പെട്ടു.

Content Highlight: India temporarily halts flights to Tel Aviv amid growing tension in region