| Wednesday, 11th December 2019, 11:34 am

പൗരത്വഭേദഗതി ബില്‍: 'നമ്മള്‍ പാക്കിസ്ഥാനല്ല'; ഇന്ത്യയുടേത് തെറ്റായ തീരുമാനമാണെന്നും വെങ്കടരാമന്‍ രാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്ലില്‍ ആശങ്കയറിയിച്ച് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ വെങ്കടരാമന്‍ രാമകൃഷ്ണന്‍. ദേശീയ പൗരത്വഭേദഗതി ബില്ലിനെ സംബന്ധിച്ച് ഇന്ത്യ ഒരു തെറ്റായ തീരുമാനമാണ് കൈകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘം ഒപ്പ് വെച്ച ഹരജിയില്‍ താന്‍ ഒപ്പ് വെച്ചിട്ടില്ലെന്നും ഇന്ത്യന്‍ പൗരന്മാര്‍മാരാണ് അതില്‍ ഒപ്പ് വെക്കേണ്ടത് എന്നുള്ളത് കൊണ്ടാണ് അത് ചെയ്യാതിരുന്നതെന്നും വെങ്കി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞാന്‍ വിദേശത്താണ് ജീവിക്കുന്നതെങ്കിലും ഇന്ത്യയോട് എനിക്ക് താല്‍പര്യമുണ്ട്. ഇന്ത്യ എപ്പോഴും സഹിഷ്ണുതയെ പ്രതിനിധീകരിക്കണമെന്നും വിജയത്തിലെത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു’ വെങ്കടരാമന്‍ രാമകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യയിലെ യുവാക്കള്‍ പരിശ്രമശാലികളാണെന്നും കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഏത് ദുഷ്‌കരമായ സാഹചര്യത്തിലും ജോലി ചെയ്യുമെന്നും എന്നാല്‍ രാജ്യത്തിനകത്ത് ഭിന്നിപ്പുകള്‍ സൃഷ്ടിച്ച് അവരെ അതില്‍ നിന്നും വ്യതിചലിപ്പിക്കുകയല്ല വേണ്ടതെന്നും വെങ്കി പറഞ്ഞു.

‘നോക്കു.. നിങ്ങളുടെ മതത്തിന് മറ്റ് മതങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ പ്രത്യകിച്ച് പ്രധാന്യമില്ല’യെന്ന്
ഇരുപത് കോടി ജനങ്ങളോട് പറയുമ്പോള്‍ അത് രാജ്യത്തിന് ഭിന്നിപ്പിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിലേത് മതേതര ജനാധിപത്യമാണ്. ഏതെങ്കിലും ഒരു മതത്തിന് പ്രത്യേക പ്രാധാന്യം നല്‍കേണ്ടതില്ല. അതാണ് ഇന്ത്യയുടെ അടിത്തറ. അതുകൊണ്ടാണ് രാജ്യത്ത് 20 കോടി മുസ്ലീങ്ങള്‍ ഉള്ളതും. അതേസമയം പാക്കിസ്ഥാനില്‍ ഒരു ശതമാനം മാത്രമാണ് മുസ്ലീം ഇതര വിഭാഗക്കാര്‍.’ വെങ്കി പറഞ്ഞു. അതുകൊണ്ട് നമ്മള്‍ പാക്കിസ്ഥാനല്ല. നമ്മള്‍ വ്യത്യസ്തരാവുന്നത് മതേതരത്വം കൊണ്ടാണെന്നും വെങ്കി പറഞ്ഞു.

ബില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി 600 ഓളം കലാകാരന്മാരും എഴുത്തുകാരും മുന്‍ ജഡ്ജിമാരും രംഗത്തെത്തിയിരുന്നു. ബില്ല് രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു.
പുതിയ ഭേദഗതി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്നതാണെന്നും ഭരണഘടനയുടെ ഫെഡറലിസത്തെ ഭീഷണിപ്പെടുത്തുന്നതാണെന്നും അവര്‍ തുറന്ന് കത്തില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more