വാഷിങ്ങ്ടണ്‍: ഫലസ്തിനും ഇസ്രാഈലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ നിലപാടുമായി ഇന്ത്യ. ഇരുവിഭാഗവും സംയമനം പാലിച്ച് ഉടനടി സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എനിലെ ഇന്ത്യയിലെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ടി.എസ്. തിരുമൂര്‍ത്തി ഞായറാഴ്ച പറഞ്ഞു.
ഇസ്രാഈലും ഫലസ്തിനും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമന്നും ഇന്ത്യ യു.എന്‍ സമിതിയെ അറിയിച്ചു. ഉടനടി പ്രശനം പരിഹരിക്കേണ്ടത് ഈ സമയത്തിന്റെ ആവശ്യകതയാണെന്നും തിരുമൂര്‍ത്തി പറഞ്ഞു.
‘സംയമനം പാലിക്കാനും, പിരിമുറുക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും കിഴക്കന്‍ ജറുസലേമിലും സമീപ പ്രദേശങ്ങളിലുമടക്കം നിലവിലുള്ള സ്ഥിതിഗതികള്‍ സമാധാനപരമാക്കാനും ഞങ്ങള്‍ ഇരുപക്ഷത്തോടും അഭ്യര്‍ത്ഥിക്കുന്നു,’ ടി.എസ്. തിരുമൂര്‍ത്തി പറഞ്ഞു.
അതേസമയം, ഫലസ്തീനെതിരെയുള്ള ആക്രമണത്തില്‍ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പോസ്റ്റ് ചെയ്ത ട്വീറ്റ് ചര്‍ച്ചയായിരുന്നു.
പിന്തുണയ്ക്കുന്ന 25 രാജ്യങ്ങളുടെ പതാക പങ്കുവെച്ചായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്. ഇതില്‍ ഇന്ത്യന്‍ പതാക ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് ചര്‍ച്ചകള്‍ക്ക് കാരണം.
നെതന്യാഹുവിന്റെ ട്വീറ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇന്ത്യാ സ്റ്റാന്റ് വിത്ത് യൂ എന്ന് ചിലര്‍ ട്വീറ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങളെ മറന്നോ, ഇന്ത്യ ഇസ്രാഈലിനൊപ്പമാണെന്നും ചിലര്‍ കമന്റ് ചെയ്തിരുന്നു.
ഫലസ്തീന്‍ ആക്രമണത്തില്‍ ഇസ്രാഈലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യയിലെ സംഘപരിവാര്‍ അനുകൂലസംഘടനകള്‍ എടുത്തത്. ഇതിനുപിന്നാലെയാണ് നെതന്യാഹുവിന്റെ ട്വീറ്റിന് നേരെ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക