യാത്രക്കായി അര ഡസന്‍ വ്യാജ പാസ്പോര്‍ട്ടുകള്‍; നീരവ് മോദിക്കെതിരെ ഇന്ത്യയില്‍ പുതിയ കേസ്
national news
യാത്രക്കായി അര ഡസന്‍ വ്യാജ പാസ്പോര്‍ട്ടുകള്‍; നീരവ് മോദിക്കെതിരെ ഇന്ത്യയില്‍ പുതിയ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th June 2018, 8:58 am

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് വീരന്‍ നീരവ് മോദി വിദേശത്ത് യാത്രകള്‍ നടത്താനായി ഉപയോഗിക്കുന്നത് അര ഡസന്‍ വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുകളാണെന്നുള്ളതിന് തെളിവുകള്‍ പുറത്ത്.

ഇതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നീരവ് മോദിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ ബെല്‍ജിയത്തില്‍ നീരവ് മോദി കഴിയുന്നത് വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ചാണ്. നീരവിന്റെ യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് നേരത്തെ ഇന്ത്യ റദ്ദ് ചെയ്തിരുന്നു.

ആറു വ്യാജപാസ്‌പോര്‍ട്ടില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് നീരവിന്റെ വിദേശത്തുള്ള യാത്രകള്‍. ഇതില്‍ ഒരു പാസ്‌പോര്‍ട്ടില്‍ ബ്രിട്ടന്റെ നാല്‍പ്പത് ദിവസത്തെ വിസയുണ്ട് ഇതാണ് വിദേശയാത്രകള്‍ക്ക് മോദിക്ക് പ്രധാന സൗകര്യം.

നീരവിന്റെ കൈവശം വ്യാജ പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് ഇന്ത്യ ബ്രിട്ടനെ നേരത്തെയറിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, മാര്‍ച്ചില്‍ നീരവ് ഫ്രാന്‍സിലേക്ക് യാത്ര നടത്തിയത് വ്യാജ പാസ്പോര്‍ട്ടിലായിരുന്നെന്ന് കണ്ടെത്തിയിരുന്നു.


Also Readരാജ്യസഭ സീറ്റ്; കോണ്‍ഗ്രസ്സ് സീറ്റ് മറ്റു പാര്‍ട്ടികള്‍ക്ക് കൊടുക്കുന്നതിലെ അതൃപ്തി രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു


സി.ബി.ഐ. ഫെബ്രുവരിയില്‍ ഇന്റര്‍പോള്‍ വഴി നല്‍കിയ “ഡിഫ്യൂഷന്‍” നോട്ടീസിനോട് പ്രതികരിച്ചുകൊണ്ട് യു.കെ.നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ നീരവിന്റെ യാത്രകളുടെ വിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ് വ്യാജ പാസ്‌പോര്‍ട്ടുകളുടെ വിവരം പുറത്ത് വന്നത്.

നീരവിന് ആദ്യമുണ്ടായിരുന്നത് “എന്‍” സീരീസില്‍ ഉള്ള പാസ്പോര്‍ട്ടായിരുന്നു. സ്ഥിരമായി യാത്രകള്‍ ചെയ്യുന്നയാളായതിനാല്‍ ഇതിനുശേഷം “ഇസെഡ്” സീരീസിലുള്ള പാസ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. ദീര്‍ഘകാലത്തെ സാധുതയുള്ള വിസകള്‍ കൈക്കലാക്കാനായി നാലോ അഞ്ചോ എക്സ്റ്റന്റഡ് പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ചിരിക്കാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞ മാസങ്ങളില്‍ നീരവ് മോദി ഇംഗ്ലണ്ടിലുണ്ടായിരുന്നെന്നും, ഇപ്പോള്‍ ബ്രസ്സല്‍സ്സിലേക്ക് നീങ്ങിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും ഇംഗ്ലണ്ട് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. നീരവ് മോദി, സഹോദരന്‍ നിശാല്‍ മോദി, ബന്ധുവായ മെഹുല്‍ ചോസ്‌കി, കമ്പനിയിലെ എക്സിക്യുട്ടിവ് സുഭാഷ് പരബ് എന്നിവര്‍ക്കെതിരെ ഒരാഴ്ച മുന്‍പാണ് സി.ബി.ഐ. ഇന്റര്‍പോളിന് റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ 13000 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പു കേസ് ജനുവരിയില്‍ പുറത്തുവരുന്നതിനും ആഴ്ചകള്‍ക്കു മുന്‍പാണ് നീരവ് ഇന്ത്യയില്‍ നിന്നും കടന്നുകളഞ്ഞത്.