ചെന്നൈ: വിന്‍ഡീസിനെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണ്ണവിജയം. മൂന്നാം ടി-20യില്‍ അവസാന പന്ത് വരെ നീണ്ട ആകാംക്ഷയില്‍ തകര്‍പ്പന്‍ ജയം നേടിയതോടെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 181 റണ്‍സ് ഇന്ത്യ അവാസാനപന്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ശിഖര്‍ ധവാനും റിഷഭ് പന്തുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയേയും ലോകേഷ് രാഹുലിനേയും പെട്ടെന്ന് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ധവാനും റിഷഭും ചേര്‍ന്നതോടെ ഇന്ത്യ നിലയുറപ്പിച്ചു.
ഇരുവരും അര്‍ധസെഞ്ച്വറി നേടി. ധവാന്‍ 92 റണ്‍സും പന്ത് 58 റണ്‍സും നേടി പുറത്തായി. ധവാന്‍ പത്ത് ഫോറും രണ്ട് സിക്‌സും നേടിയപ്പോള്‍ പന്ത് അഞ്ച് ഫോറും മൂന്ന് സിക്‌സും നേടി.
ALSO READ: അടിതെറ്റി കൊമ്പന്‍മാര്‍; അനസ് ഇറങ്ങിയിട്ടും രക്ഷയില്ല
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് പൂരന്റെ അര്‍ധസെഞ്ച്വറി മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.
25 പന്തുകള്‍ നേരിട്ട താരം നാലു വീതം ഫോറും സിക്‌സും പായിച്ചാണ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ബ്രാവോ 43 റണ്‍സുമായി പുറത്താകാതെ നിന്നു.
ഷായ് ഹോപ് (22 പന്തില്‍ 24), ഷിമ്രോന്‍ ഹെയ്റ്റമര്‍ (21 പന്തില്‍ 26), ദിനേഷ് രാംദിന്‍ (15 പന്തില്‍ 15) എന്നിങ്ങനെയാണു പുറത്തായ വിന്‍ഡീസ് താരങ്ങളുടെ സ്‌കോര്‍.
പരമ്പരയിലാദ്യമായി മികച്ച തുടക്കമാണ് വെസ്റ്റ് ഇന്‍ഡീസിന് ലഭിച്ചത്. ഷായ് ഹോപ്, ഹെയ്റ്റ്മര്‍ എന്നിവര്‍ ചേര്‍ന്ന് വിന്‍ഡീസ് സ്‌കോര്‍ അനായാസം 50 കടത്തി. പക്ഷേ സ്‌കോര്‍ 51 ല്‍ നില്‍ക്കെ ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തി.
ALSO READ: ഷില്ലോങ് ലജോങിനെ തകര്‍ത്ത് ഗോകുലം കേരള
ചാഹലിന്റെ പന്തില്‍ ഹോപ്, വാഷിങ്ടന്‍ സുന്ദറിന് ക്യാച്ച് നല്‍കി. പിന്നാലെ ചാഹല്‍ രണ്ടാം വിക്കറ്റും വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹെയ്റ്റ്മറിന്റെ പുറത്താകല്‍.
ബ്രാവോയും ദിനേഷ് രാംദിനും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടു നയിക്കാന്‍ ശ്രമിച്ചെങ്കിലും രാംദിനെ വാഷിങ്ടന്‍ സുന്ദര്‍ പുറത്താക്കി. പിന്നാലെയെത്തിയ നിക്കോളാസ് പുരാനെയും കൂട്ടുപിടിച്ച് ബ്രാവോ സ്‌കോര്‍ 150 കടത്തി.