ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തെ ഞെട്ടിച്ചുവെന്ന് മോദി പറഞ്ഞു.
‘ലോകം പ്രതീക്ഷിച്ചിരുന്നത് കൊറോണ വൈറസ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്നാണ്. എന്നാല്‍ ഇന്ത്യക്കാര്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലൂടെയും ഊര്‍ജ്ജസ്വലതയിലൂടെയും ലോകം നമ്മെ നോക്കികാണുന്ന രീതിയെ മാറ്റിമറിച്ചു’, മോദി കത്തില്‍ പറയുന്നു.
കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഐക്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന രീതി വെച്ചുനോക്കുമ്പോള്‍, സാമ്പത്തിക പുനരുജ്ജീവനത്തിലും നാം ഒരു മാതൃക കാണിക്കുമെന്ന ഉറച്ചവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക മേഖലയില്‍ സ്വന്തം ശക്തിയില്‍ 130 കോടി ഇന്ത്യക്കാര്‍ക്ക് ലോകത്തെ അത്ഭുതപ്പെടുത്താന്‍ മാത്രമല്ല, പ്രചോദിപ്പിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ സര്‍ക്കാര്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങള്‍ അവകാശപ്പെട്ടുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കത്ത്.
ജനാധിപത്യത്തിന്റെ കൂട്ടായ കരുത്ത് ജനങ്ങള്‍ ലോകത്തിന് കാണിച്ചുക്കൊടുത്തെന്നാണ് തന്റെ തെരഞ്ഞെടുപ്പ് വിജയത്തെ മോദി വിശേഷിപ്പിച്ചത്. കൊറോണവൈറസ് മഹാമാരിമൂലമുണ്ടായ പ്രതിസന്ധിയെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ദിവസവേതന തൊഴിലാളികളുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിന് ഏകീകൃതമായതും നിശ്ചയദാര്‍ഢ്യത്തോടെയും തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക