ന്യൂദല്‍ഹി: ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഒന്നാമതെത്തിയതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണെന്നും ചൈനയുടേത് 142.57 കോടിയാണെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ചൈനയേക്കാള്‍ ഇരുപത്തിയൊന്‍പത് ലക്ഷം ആളുകള്‍ ഇന്ത്യയില്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടന ജനസംഖ്യ സംബന്ധമായ കണക്കുകളെടുക്കാന്‍ തുടങ്ങിയ 1950ന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടക്കുന്നത്.
എപ്പോഴാണ് ഈ മറികടക്കല്‍ സംഭവിച്ചതെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്നും യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് വക്താവ് അന്ന ജെഫേറിസ് പറഞ്ഞു.
‘കഴിഞ്ഞ വര്‍ഷത്തോടെ ചൈനയുടെ ജനസംഖ്യ വളര്‍ച്ച അതിന്റെ പാരമ്യതയിലെത്തിയിരുന്നു, തുടര്‍ന്ന് അത് ഇടിയാന്‍ തുടങ്ങി. എന്നാല്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരുന്നത്,’ അന്ന പറഞ്ഞു.
ഇന്ത്യന്‍ ജനസംഖ്യയുടെ 25 ശതമാനവും 0-14 വയസിനിടയില്‍ പ്രായമുള്ളവരാണ്. 10-19 വയസിനിടയില്‍ പ്രായമുള്ളവര്‍ ജനസംഖ്യയുടെ 18 ശതമാനവും 10-24നുമിടയില്‍ പ്രായമുള്ളവര്‍ 68 ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 65ന് മുകളില്‍ പ്രായമുള്ളവര്‍ 7 ശതമാനമാണ്.
ഇന്ത്യയെ അപേക്ഷിച്ച് ചൈനയില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. സ്ത്രീകള്‍ക്ക് 82 വയസും പുരുഷന്‍മാര്‍ക്ക് 76 വയസുമാണ് ചൈനയിലെ ആയുര്‍ദൈര്‍ഘ്യം. 74 വയസ് , 71 വയസ് എന്നിങ്ങനെയാണ് യഥാക്രമം ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം.
ഇന്ത്യന്‍ ജനസംഖ്യയില്‍ യുവജനങ്ങളുടെ എണ്ണം കൂടുതലാണെന്നും ഇത് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്നും യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ ഇന്ത്യയിലെ പ്രതിനിധി ആന്‍ഡ്രിയ വോജ്‌നര്‍ അഭിപ്രായപ്പെട്ടു.
ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന നയം ചൈന പിന്‍വലിച്ച ശേഷം ജനന നിരക്കില്‍ വര്‍ധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിരുന്നില്ല.
2011ന് ശേഷം ഇന്ത്യയില്‍ സെന്‍സെസ് നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ജനസംഖ്യയുമായി ബന്ധപ്പെട്ട പുതിയ ഔദ്യോഗിക കണക്കുകള്‍ രാജ്യത്ത് ലഭ്യമല്ല.
Content Highlights: India surpasses China in population