രാജ്യത്ത് 29,000 കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറില്‍ 62 മരണങ്ങള്‍; മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി രൂക്ഷം
national news
രാജ്യത്ത് 29,000 കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറില്‍ 62 മരണങ്ങള്‍; മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി രൂക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th April 2020, 11:32 am

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 29,000 കടന്നു. 24 മണിക്കൂറില്‍ 1,500 ലേറെ കേസുകള്‍ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 29,435 ആയതായി കേന്ദ്ര ആരോഗ്യ  മന്ത്രാലയം ചൊവ്വാഴ്ച രാവിലെ അറിയിച്ചു.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 62 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച രാവിലെ വരെ രാജ്യത്ത് 934 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

24 മണിക്കൂറില്‍ 62 മരണം രാജ്യത്തെ കൊവിഡ് മരണനിരക്കില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 8,590 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 522 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രിയിലെ പൂനെയില്‍ കൊവിഡ് അതിവേഗം വ്യാപകമാവുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ പ്രദേശത്തെ മെയ് 3 വരെ അതീവ നിയന്ത്രണമേഖലായാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.

369 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ദല്‍ഹിയെ മറികടന്ന ഗുജറാത്തില്‍ അതിവേഗമാണ് കൊവിഡ് വ്യാപിക്കുന്നത്. കൊവിഡ് വ്യാപനത്തില്‍ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്.

3,548 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 162 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഗുജറാത്തില്‍ അഹമ്മദാബാദിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. 162 മരണനിരക്കില്‍ 100 ലേറെ മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തത് ഗുജറാത്തിലാണ്.

ദല്‍ഹിയില്‍ 3000 കൊവിഡ് കേസുകളാണ് ചൊവ്വാഴ്ചയോടെ സ്ഥിരീകരിച്ചത്. രാജസ്ഥാനിലും മധ്യപ്രദേശിലും 2000ത്തിലേറെ കേസുകളും റിപ്പോര്‍ട്ടു ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.