യുദ്ധത്തെയല്ല, നയതന്ത്രത്തെയാണ് ഇന്ത്യ പിന്തുണക്കുന്നത്; ബ്രിക്‌സ് ഉച്ചകോടിയില്‍ നരേന്ദ്രമോദി
national news
യുദ്ധത്തെയല്ല, നയതന്ത്രത്തെയാണ് ഇന്ത്യ പിന്തുണക്കുന്നത്; ബ്രിക്‌സ് ഉച്ചകോടിയില്‍ നരേന്ദ്രമോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2024, 7:05 pm

കസാന്‍: യുദ്ധത്തെയല്ല, നയതന്ത്രത്തെയും ചര്‍ച്ചകളെയുമാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു. റഷ്യ-ഉക്രൈന്‍ യുദ്ധം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും മോദി പറഞ്ഞു.

‘യുദ്ധത്തെയല്ല, നയതന്ത്രത്തെയും ചര്‍ച്ചകളെയുമാണ് ഇന്ത്യ പിന്തുണക്കുന്നത്. കോവിഡ് പോലുള്ള വെല്ലുവിളിയെ തരണം ചെയ്തത് പോലെ ഭാവി തലമുറയ്ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും തങ്ങള്‍ക്ക് കഴിയും,’ ഇന്ത്യ വ്യക്തമാക്കി.

ബ്രിക്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്ന നരേന്ദ്രമോദി യുദ്ധങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം, കാലാവസ്ഥ വ്യതിയാനം, ഭീകരവാദം തുടങ്ങിയവ സൃഷ്ടിക്കുന്ന വെല്ലുവിളികളെ കുറിച്ചും ചൂണ്ടിക്കാട്ടി. അതേസമയം ഇത്തരം വെല്ലുവിളികളില്‍ നിന്ന് ശരിയായ രീതിയില്‍ രാജ്യങ്ങളെ കൊണ്ടുപോകാന്‍ ബ്രിക്‌സിന് കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ ഉന്നതര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

രാജ്യങ്ങളിലെ യുവാക്കളിലുണ്ടാവുന്ന റാഡിക്കലൈസേഷന്‍ തടയാന്‍ സജീവമായ നടപടികള്‍ സ്വീകരിക്കണമെന്നും യു.എന്‍ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ക്കുവേണ്ടി രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.

സൈബര്‍ സുരക്ഷയ്ക്ക് വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കണമെന്നും ആഗോള നിയന്ത്രണത്തില്‍ ഇത് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പറഞ്ഞ മോദി ബ്രിക്‌സിലേക്ക് പുതിയ രാജ്യങ്ങളെ പങ്കാളികളാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനെയും മറ്റ് ആഗോളസ്ഥാപനങ്ങളും നവീകരിക്കണമെന്നും ഇവ സമയബന്ധിതമായി പരിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ടു.

വ്യത്യസ്ത വീക്ഷണങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ഗ്രൂപ്പിങ്ങായ ബ്രിക്‌സ് ലോകത്തിന് പ്രചോദനമാണെന്നും ലോകരാജ്യങ്ങള്‍ക്കിടയില്‍ സഹകരണമനോഭാവമുണ്ടാക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlight: India supports diplomacy, not war; Narendra Modi at the BRICS summit