| Thursday, 13th July 2023, 1:09 pm

ഖുര്‍ആന്‍ കത്തിച്ച സംഭവം; യു.എന്നില്‍ പാകിസ്ഥാന്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച് ഇന്ത്യയും ചൈനയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാന്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. ആഫ്രിക്കന്‍ രാജ്യങ്ങളും മധ്യപൂര്‍വ്വ രാജ്യങ്ങളും ചൈനയും പ്രമേയത്തെ അനുകൂലിച്ചു. യു.എസ്, യു.കെ, ഫ്രാന്‍സ്, ഫിന്‍ലന്‍ഡ്, ബെല്‍ജിയം, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തിന് എതിരായി വോട്ട് ചെയ്തു. 28 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. 12 പേര്‍ പ്രമേയത്തെ എതിര്‍ക്കുകയും 7 പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കുകയും ചെയ്തു.

ആക്രമണത്തെയും വിവേചനത്തെയും പ്രോത്സാഹിപ്പിക്കുന്ന മതവിദ്വേഷ പ്രവര്‍ത്തനങ്ങളെ തടയണമെന്നും ഇവക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യങ്ങളോട് പ്രമേയം ആവശ്യപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ വെട്ടിക്കുറക്കുന്നതിനല്ല പ്രമേയമെന്നും വൈവിധ്യമാര്‍ന്ന സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് ഉദ്ദേശമെന്നും വോട്ടെടുപ്പിന് ശേഷം പാകിസ്ഥാന്‍ അബാസിഡര്‍ ഖലീല്‍ ഹഷ്മി പറഞ്ഞു.

ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ ശക്തമായി അപലപിക്കുന്നതായി ചൊവ്വാഴ്ച കൗണ്‍സിലിലെ യു.എസ് അബാസിഡര്‍ മിഷേല്‍ ടൈലര്‍ പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് തന്നെ മുസ്‌ലിം വിരുദ്ധത തടയുന്നതില്‍ ഏക നിലപാടില്‍ എത്താന്‍ സാധിക്കാതിരുന്നതില്‍ വിഷമമുണ്ടെന്നും ടൈലര്‍ വോട്ടെടുപ്പിന് ശേഷം പറഞ്ഞു.

ജൂണ്‍ 28നായിരുന്നു സ്റ്റോക്‌ഹോമിലെ മസ്ജിദിന് പുറത്ത് വെച്ച് ഇറാഖ് പൗരന്‍ ഖുര്‍ആന്‍ കത്തിച്ചത്. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ പ്രവര്‍ത്തിയായിട്ടാണ് ഇയാള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഖുര്‍ആന്‍ കത്തിക്കുമ്പോള്‍ 200 ഓളം ആളുകള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ലോക രാഷ്ട്രങ്ങള്‍ സംഭവത്തില്‍ പ്രതിഷേധം അറിയിക്കുകയും ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും രംഗത്ത് വന്നിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ ചെറുക്കാന്‍ അന്താരാഷ്ട്രതലത്തില്‍ നിയമം കൊണ്ടുവരാന്‍ ലോക രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നും അവര്‍ പറഞ്ഞിരുന്നു. ഒരു മതവിഭാഗത്തെയും അതിന്റെ വിശുദ്ധ ഗ്രന്ഥത്തെയും അപമാനിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ലെന്നും ഒ.ഐ.സി അറിയിച്ചു.

Content Highlight: india support pakisthan resolution at un

We use cookies to give you the best possible experience. Learn more