| Friday, 13th October 2023, 10:51 am

ഫലസ്തീന്‍ സ്വതന്ത്ര രാജ്യമാകണമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നു: വിദേശകാര്യമന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ കാലങ്ങളായി ഇന്ത്യ പിന്തുണയ്ക്കുന്നതായി വിദേശ കാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി.ഫലസ്തീന്‍ രാഷ്ട്രം നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഇന്ത്യ എപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ നയങ്ങള്‍ സ്ഥിരതയാര്‍ന്നതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ ഫലസ്തീന്‍ രാഷ്ട്രം നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഇന്ത്യ എപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളത്. സുരക്ഷിതവും അഗീകൃതവുമായ അതിര്‍ത്തിക്കുള്ളില്‍ ഇസ്രഈലുമായി സമാധനംപങ്കിട്ട് ജീവിക്കണം. ആ നിലപാട് തുടരുമെന്ന് ഞാന്‍ കരുതുന്നു ,’ അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഫലസ്തീന്‍ – ഇസ്രഈല്‍ യുദ്ധത്തിന് ശേഷം ഫലസ്തീനെകുറിച്ച് ഇന്ത്യ നടത്തുന്ന ആദ്യ പ്രസ്താവനയാണിത്.

ഇസ്രഈലിലേയും ഗസയിലേയും മനുഷ്യരുടെ അവസ്ഥകളെ ക്കുറിച്ച് ചോദിച്ചപ്പോള്‍ മാനുഷ്യവകാശ നിയമങ്ങള്‍ പാലിക്കേണ്ടതാവശ്യമാണെന്നും തീവ്രവാദത്തെ എല്ലാതരത്തിലും ചെറുക്കണ്ടതുണ്ടെന്നും ബാഗ്ചി പറഞ്ഞു.

ഓപറേഷന്‍ അജയ് മുഖാന്തരം ഇന്ത്യന്‍ പൗരന്‍മാരെ തിരികൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. തിരികെ വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ എംബസിയെ ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ആയുധം നല്‍കി ഇന്ത്യ ഇസ്രഈലിനെ സഹായിക്കുമോ എന്ന ചോദ്യത്തിന് ഇസ്രഈലില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി മടക്കി കൊണ്ടു വരികയാണ് ലക്ഷ്യമെന്നും ബാഗ്ചി പറഞ്ഞു.

ഇസ്രഈലില്‍ ഏകദേശം 18,000 ഇന്ത്യക്കുണ്ടെന്നും ഇതില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അവര്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗസയില്‍ നാല് ഇന്ത്യക്കാരും വെസ്റ്റ് ബാങ്കില്‍ 12 പേരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlight: India support establishment of independent state of palastine; Foreign Ministry

We use cookies to give you the best possible experience. Learn more