1983 ലോകകപ്പ് നേട്ടത്തിന് ശേഷം ഈ നാണക്കേട് ഇതാദ്യം; എന്നാലും രോഹിത്തേ...
Sports News
1983 ലോകകപ്പ് നേട്ടത്തിന് ശേഷം ഈ നാണക്കേട് ഇതാദ്യം; എന്നാലും രോഹിത്തേ...
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th October 2024, 7:47 pm

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട് ഇന്ത്യ പരമ്പര അടിയറവ് വെച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0 എന്ന നിലയില്‍ കിവികള്‍ ലീഡ് ചെയ്യുകയാണ്.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ 113 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.

സ്‌കോര്‍

ന്യൂസിലാന്‍ഡ്: 259 & 255

ഇന്ത്യ: 156 & 245 (T: 359)

ഈ തോല്‍വിക്ക് പിന്നാലെ ഒരു മോശം നേട്ടവും ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഹോം ടെസ്റ്റ് പരാജയങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് ഇന്ത്യ തലകുനിച്ചുനില്‍ക്കുന്നത്.

ഇത് മൂന്നാം തവണയാണ് ഇന്ത്യ 2024ല്‍ ടെസ്റ്റ് മത്സരം പരാജയപ്പെടുന്നത്. ന്യൂസിലാന്‍ഡിനോടേറ്റ പരാജയങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലും ഇന്ത്യക്ക് തോല്‍വി നേരിടേണ്ടി വന്നിരുന്നു.

ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. സൂപ്പര്‍ താരം ഒലി പോപ്പിന്റെ കരുത്തില്‍ ഇംഗ്ലണ്ട് 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് സന്ദര്‍ശകര്‍ ഇന്ത്യക്ക് മുമ്പില്‍ വെച്ചത്. എന്നാല്‍ 202 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്.

പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും ശേഷിച്ച മാച്ചുകള്‍ വിജയിച്ച് ഇന്ത്യ സീരീസ് സ്വന്തമാക്കിയിരുന്നു.

തുടര്‍ന്ന് വന്ന മത്സരങ്ങളൊന്നും പരാജയപ്പെടാതെ കുതിച്ച ഇന്ത്യ കിവികള്‍ക്ക് മുമ്പില്‍ കാലിടറി വീഴുകയായിരുന്നു.

ചരിത്രത്തില്‍ ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണ് ഒരു കലണ്ടര്‍ ഇയറില്‍ ഇന്ത്യ മൂന്നോ അതിലധികമോ ഹോം ടെസ്റ്റുകളില്‍ പരാജയപ്പെടുന്നത്.

1969ലാണ് ഇന്ത്യക്ക് ഇത്തരമൊരു തിരിച്ചടി ആദ്യം നേരിടേണ്ടി വന്നത്. അന്ന് നാല് ഹോം ടെസ്റ്റുകളിലാണ് ഇന്ത്യ പരാജയം രുചിച്ചത്. മൂന്ന് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോള്‍ ന്യൂസിലാന്‍ഡാണ് നാലാം മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

14 വര്‍ഷത്തിന് ശേഷം 1983ലാണ് ഇതിന് മുമ്പ് ഇന്ത്യയെ തേടി ഈ മോശം നേട്ടമെത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ലോകകപ്പുയര്‍ത്തിയ അതേ വര്‍ഷം, അതേ വെസ്റ്റ് ഇന്‍ഡീസ് തന്നെ ഇന്ത്യയെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചു.

ഇന്ത്യയിലെത്തി മൂന്ന് ടെസ്റ്റിലാണ് ക്ലൈവ് ലോയ്ഡും സംഘവും കപിലിന്റെ ചെകുത്താന്‍മാരെ തകര്‍ത്തുവിട്ടത്. ഇതില്‍ രണ്ടും ഇന്നിങ്‌സ് തോല്‍വികളായിരുന്നു. പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ സമനിലയിലും പിരിഞ്ഞു.

അതേസമയം, ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഒരു മത്സരം കൂടിയാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. മുഖം രക്ഷിക്കാനെങ്കിലും ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ അവസാന ഹോം ടെസ്റ്റ് എന്ന നിലയിലും, ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ പോയിന്റ് ടേബിളില്‍ ഓസ്‌ട്രേലിയക്ക് കീഴില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടും എന്നതിനാലും ഡെഡ് റബ്ബര്‍ മാച്ചില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

നവംബര്‍ ഒന്നിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദി.

 

Content Highlight: India suffers 3rd home test loss in calendar year