പ്രോട്ടിയാസിനെതിരായ ഏകദിന പരമ്പരയില്‍ വിജയിച്ചതോടെ ഡിസംബര്‍ 26ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ വെല്ലുവിളി. ഡിസംബര്‍ 19ന് പ്രോട്ടിയാസിനെതിരെ നടന്ന രണ്ടാം ഏകദിനത്തില്‍ കൈ വിരലിന് പരിക്ക് പറ്റിയ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദ് മത്സരത്തില്‍ നിന്നും മാറിനില്‍ക്കുകയാണെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
എന്നാല്‍ അതിനു പുറമേ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി മത്സരത്തിന് തയ്യാറെടുക്കുന്നതിനിടയില്‍ ഇന്ത്യയിലേക്ക് മടങ്ങി പോയതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുടുംബ അടിയന്തരാവസ്ഥ കാരണമാണ് വിരാട് പെട്ടെന്ന് ടീമില്‍ നിന്നും പിന്‍വാങ്ങിയത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഋതുരാജിന്റെ പരിക്ക് പൂര്‍ണമായും മാറാത്തത് കൊണ്ടാണ് താരത്തെ മാറ്റിനിര്‍ത്തിയത് എന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
‘രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങില്‍ അവന്റെ മോതിരവിരലിന് പരിക്കുപറ്റിയത് പൂര്‍ണ്ണമായിട്ടും മാറിയിട്ടില്ല. ബി.സി.സി.ഐ മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തിലാണ് അവന്‍,’ക്രിക്ബസ് ഉദ്ധരിച്ച് ബി.സി.സി.ഐ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കുടുംബ അടിയന്തരാവസ്ഥ കാരണം സൗത്ത് ആഫ്രിക്കയില്‍ നിന്നും തിരിച്ചു പോയതാണ് മറ്റൊരു വെല്ലുവിളി. ഡിസംബര്‍ 26ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനായി താരം റിപ്പോര്‍ട്ട് ചെയ്യുമെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നുണ്ട്.