|

അവസാന മത്സരം ജയിച്ച ഇംഗ്ലണ്ടിനും ആഷസ് നിലനിര്‍ത്തിയ ഓസീസിനും മുന്‍പേ പറന്ന് ഇന്ത്യ; എന്തുകൊണ്ട് ഈ പട്ടിക ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ആഷസിലെ അവസാന മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കിയ ഇംഗ്ലണ്ടിനും ആഷസ് കിരീടം നിലനിര്‍ത്തിയ ഓസീസിനും എത്തിപ്പിടിക്കാനാവാത്തത്ര നേട്ടത്തില്‍ ടീം ഇന്ത്യ. ഒരു പരമ്പരയില്‍ നേടാന്‍ കഴിയുന്ന പരമാവധി പോയിന്റായ 120-ഉം നേടി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്.

അതേസമയം ടിം പെയ്‌നിന്റെ ഓസീസിനും ജോ റൂട്ടിന്റെ ഇംഗ്ലീഷ് ടീമിനും 56 പോയിന്റുകള്‍ മാത്രമാണുള്ളത്.

60 വീതം പോയിന്റുകള്‍ നേടിയ ശ്രീലങ്കയും കിവീസുമാണ് രണ്ടാം സ്ഥാനത്ത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ഒരു മത്സരം വിജയിക്കുന്ന ടീമിന് 60 പോയിന്റാണു ലഭിക്കുക. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലാകട്ടെ, ഒരു വിജയത്തിന് 40 പോയിന്റും. നാല് മത്സരങ്ങളുടെ പരമ്പരയില്‍ അത് 30 ആയിക്കുറയും.

അതേസമയം അഞ്ച് ടെസ്റ്റ് പരമ്പരയില്‍ അത് 24 പോയിന്റാകും. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടെണ്ണവും ജയിച്ചതോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്.

രണ്ടു മത്സരങ്ങള്‍ വീതം ജയിച്ച ഓസീസിനും ഇംഗ്ലണ്ടിനും 48 പോയിന്റ് വീതമായി. ഒരു മത്സരം സമനിലയിലായപ്പോള്‍ എട്ട് പോയിന്റ് വീതം ലഭിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലീഗ് അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ രണ്ട് ടീമുകള്‍ ഫൈനലില്‍ പ്രവേശിക്കും. 2021 ജൂണിലാണ് ഫൈനല്‍. ആദ്യമായാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.