ടെലഗ്രാമിനെതിരെ അന്വേഷണം; ഇന്ത്യ ആപ്പ് നിരോധിച്ചേക്കുമെന്ന് സൂചന
World News
ടെലഗ്രാമിനെതിരെ അന്വേഷണം; ഇന്ത്യ ആപ്പ് നിരോധിച്ചേക്കുമെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th August 2024, 7:13 pm

ന്യൂദല്‍ഹി: ടെലഗ്രാം മേധാവി പവേല്‍ ദുരോവ് പാരിസിലെ വിമാനത്താവളത്തില്‍ അറസ്റ്റിലായതിന് പിന്നാലെ ടെലിഗ്രാമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാനൊരുങ്ങി ഇന്ത്യന്‍ സര്‍ക്കാര്‍. ഇന്ത്യന്‍ സൈബര്‍ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ഇലക്ട്രോണിക്‌സ്& ഐ.ടി മന്ത്രാലയം എന്നീ വകുപ്പുകള്‍ക്ക് കീഴിലാവും അന്വേഷണം നടത്തുക.

മണി കണ്‍ട്രോളിന്റെ റിപ്പോര്‍ട്ട് പ്രകാരം ടെലഗ്രാമിലെ പിയര്‍-2-പിയര്‍ കമ്മ്യൂണിക്കേഷന്‍ വഴി ഇന്ത്യയില്‍ ചൂതാട്ടം, തട്ടിപ്പ് പോലുള്ള നിയമവിരുദ്ധ പ്രക്രിയകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അന്വേഷണത്തിന് ശേഷമാണ് നിരോധനം സംബന്ധിച്ച വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് ‘ബിസിനസ് ടുഡെ’ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ടെലിഗ്രാമിന് രാജ്യത്ത് അഞ്ച് മില്യണ്‍ ഉപയോക്താക്കളാണുള്ളത്. എന്നാല്‍ കമ്പനിക്ക് ഇന്ത്യയില്‍ ഔദ്യോഗിക ഓഫീസുകള്‍ ഇല്ലാത്തത് ഡാറ്റകളും മറ്റും കൈമാറുന്നതിനും കമ്പനിയുമായി ബന്ധപ്പെടുന്നതിനും ഇന്ത്യന്‍ സര്‍ക്കാരിന് മുന്‍കാലങ്ങളില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. ഇത്തരം കാര്യങ്ങളൊക്കെ പരിഗണിച്ചാവും തുടര്‍ന്നുള്ള തീരുമാങ്ങള്‍ എടുക്കുക.

കഴിഞ്ഞ ദിവസമാണ് ടെലഗ്രാം സഹസ്ഥാപകനും സി.ഇ.ഒയുമായ പവേല്‍ ദുരോവ് പാരിസിലെ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റിലാവുന്നത്. അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് സ്വകാര്യവിമാനത്തില്‍ പാരിസില്‍ എത്തിയതായുരുന്നു ദുരോവ്. ടെലഗ്രാം വഴി നടക്കുന്ന ക്രിമിനല്‍ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ദുരോവ് പരാജയപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

മയക്കുമരുന്ന് കടത്ത്, തട്ടിപ്പ്, സൈബര്‍ ബുള്ളിയിങ്, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഫ്രാന്‍സിലെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന ഏജന്‍സിയായ ഒ.എഫ്.എം.ഐ.എന്‍ ആണ് ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

2013 ലാണ് റഷ്യന്‍ പൗരനായ പവേല്‍ മെസേജിങ് ആപ്പായ ടെലഗ്രാം സ്ഥാപിക്കുന്നത്. എന്നാല്‍ 2014 ല്‍ പവേലിന്റെ ഉടമസ്ഥയിലുണ്ടായിരുന്ന വി.കെ എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് റഷ്യയുടെ ആരോപണത്തെ തുടര്‍ന്ന് അദ്ദേഹം രാജ്യം വിടുകയും ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

നിലവില്‍ ടെലഗ്രാമിന് ലോകത്താകമാനം 900 മില്യണ്‍ സജീവ ഉപയോക്താക്കളുണ്ട്. 39 വയസ്സുകാരനായ പവേലിന് 15.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ഫോബ്സിന്റെ കണക്ക്.

Content Highlight: India started investigation against Telegram