അതീവദുഃഖം; ഇന്ത്യ ഇറാനൊപ്പമുണ്ട്: നരേന്ദ്ര മോദി
national news
അതീവദുഃഖം; ഇന്ത്യ ഇറാനൊപ്പമുണ്ട്: നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2024, 2:01 pm

ന്യൂദല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഈസിയുടെ മരണത്തില്‍ അതീവദുഃഖമുണ്ടെന്നും, ഈ വിഷമ ഘട്ടത്തില്‍ ഇന്ത്യ ഇറാനൊപ്പം നില്‍ക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘റഈസിയുടെ വിയോഗ വാര്‍ത്ത വളരെയധികം ദുഃഖിപ്പിക്കുന്നതാണ്. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. ഈ ദുരിത സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കൊപ്പവും നില്‍ക്കുന്നു,’ മോദി എക്‌സില്‍ പങ്കുവെച്ചു.

റഈസിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദുഃഖം രേഖപ്പെടുത്തി. ‘ഇറാന്‍ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുടെയും വിദേശകാര്യ മന്ത്രി എച്ച്. അമീര്‍-അബ്ദുള്ളാഹിയന്റെയും വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. 2024 ജനുവരിയില്‍ അവരുമായുള്ള എന്റെ നിരവധി കൂടി കാഴ്ചകളാണ് ഓര്‍മ്മയില്‍ വരുന്നത്. കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നു,’ ജയശങ്കര്‍ പറഞ്ഞു.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി എച്ച്. അമീര്‍-അബ്ദുള്ളാഹിയയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും അസര്‍ബൈജാനുമായുള്ള ഇറാന്‍ അതിര്‍ത്തി സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു.

Content Highlight: ‘India stands with Iran’: PM Modi condoles President Ebrahim Raisi’s death